ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

By Web TeamFirst Published Aug 12, 2019, 12:20 PM IST
Highlights

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ മഴയ്ക്ക് വഴിയൊരുക്കി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട ഒരു ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി കേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തീരമേഖലകളില്‍ പ്രത്യേകിച്ച് മധ്യമേഖലയിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കേരളത്തില്‍ പ്രളയത്തിന് കാരണമായതു പോലെ അതിതീവ്രമഴ ഇക്കുറിയുണ്ടാവില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ഹിമാലയന്‍ മലനിരകള്‍ക്ക് സമാന്തരമായി സഞ്ചരിക്കുമെന്നാണ് കരുതുന്നതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ കേരള വെതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ബുധന്‍ മുതല്‍ വെള്ളി വരെ മഴ പ്രതീക്ഷിക്കാം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലും, എറണാകുളം മുവാറ്റുപുഴ ഭാഗത്തും കോട്ടയത്തിന്‍റെ കിഴക്കൻ മേഖലയിലും ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും കേരള വെതര്‍ പ്രവചിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വയനാട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിമേഖലകളിലൊഴിച്ച് അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല. 

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 3.1 മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ ഈ ചുഴി ന്യൂനമര്‍ദ്ദമായി വികാസം പ്രാപിക്കും. ഇതേതുടര്‍ന്ന് വരും മണിക്കൂറുകളില്‍ ഒഡീഷ, ജാര്‍ഖണ്ഡിന്‍റെ തെക്കന്‍ ഭാഗങ്ങള്‍, ചത്തീസ്ഗഢിന്‍റെ വടക്കന്‍ ഭാഗങ്ങള്‍, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കാര്യമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. 

click me!