കവളപ്പാറയിൽ മൺകൂനകൾ ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ, മരണം 14, ഇനി കണ്ടെത്താനുള്ളത് 51 പേരെ

By Web TeamFirst Published Aug 12, 2019, 12:05 PM IST
Highlights

നാട്ടുകാരുടെ കണക്കനുസരിച്ച് ഇനി 51 പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. ഇന്നലെ ഇന്ത്യന്‍ സൈന്യം കൂടി തെരച്ചിലിനെത്തുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തതോടെ തെരച്ചില്‍ കുറേക്കൂടി വേഗത്തിലായിട്ടുണ്ട്.

മലപ്പുറം: ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം14 ആയി. 63 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. എന്നാല്‍ 65 പേരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. 

നാട്ടുകാരുടെ കണക്കനുസരിച്ച് ഇനി 51 പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. ഇന്നലെ ഇന്ത്യന്‍ സൈന്യം തെരച്ചിലിന്‍റെ നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തതോടെ രക്ഷാപ്രവർത്തനം കുറേക്കൂടി വേഗത്തിലായിട്ടുണ്ട്. ശാസ്ത്രീയമായി തെരച്ചില്‍ നടത്തി ഇനി അവശേഷിക്കുന്ന ആളുകളെ കണ്ടെത്താനാണ് ശ്രമം. കാലാവസ്ഥ അനുകൂലമായതിനാൽ ഇന്ന് കൂടുതൽ പുരോഗതിയുണ്ടാക്കാനുകുമെന്നാണ് രക്ഷാപ്രവർത്തക‍‌ർ പ്രതീക്ഷിക്കുന്നത്. 

മൃതദേഹങ്ങളുണ്ടാകാൻ സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തി അവിടെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇടിഞ്ഞു വീണ മുത്തപ്പൻ മലയുടെ താഴ്വാരത്തെ ഷെഡ്ഡിൽ എട്ട് പേരുണ്ടായിരുന്നുവെന്ന രക്ഷപ്പെട്ടവരുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അവിടെ ഹിറ്റാച്ചികളുപയോഗിച്ച് മണ്ണ് മാറ്റി തെരച്ചിൽ നടത്തുകയാണ്. 

അടിയിൽ ആളുകളുണ്ടെന്ന് കരുതുന്ന മറ്റ് രണ്ട് മൺകൂനകൾ മാറ്റിയും തെരച്ചിൽ തുടരുകയാണ്. വീടുകളുണ്ടായിരുന്ന സ്ഥലങ്ങൾ  രക്ഷപ്പെട്ടവരുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തിരിച്ചറിഞ്ഞ് മണ്ണ് മാറ്റി തെരച്ചിൽ നടത്തുകയാണ് ചെയ്യുന്നത്. 

ചവിട്ടി നിൽക്കുന്ന ഭൂമിക്കടിയിൽ ഉറ്റവരുണ്ടെന്ന തിരിച്ചറിവിൽ ഉള്ളുവിങ്ങി നിൽക്കുന്ന ഒട്ടേറെ പേരാണ് ഇപ്പോഴും കവളപ്പാറയിൽ ഉള്ളത്. കുടുങ്ങിക്കിടക്കുന്ന അവസാനത്തെ ആളെയും പുറത്തെത്തിക്കും വരെ രക്ഷാ പ്രവര്‍ത്തനം തുടരണമെന്ന് തന്നെയാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുള്ള പരിശ്രമമമാണ് ഇപ്പോൾ നടക്കുന്നത്. മന്ത്രിമാരടക്കം ഇന്ന് രക്ഷാപ്രവർത്തനത്തിന്‍റെ പുരോഗതി വിലയിരുത്താൻ ഇന്ന് കവളപ്പാറയിലെത്തും.

click me!