കേരള തീരത്ത് ന്യൂനമ‍ർ​ദ്ദം: സംസ്ഥാനത്ത് പരക്കെ മഴ, നിസർഗ ചുഴലിക്കാറ്റ് നാളെയോടെ രൂപപ്പെട്ടേക്കും

By Web TeamFirst Published Jun 1, 2020, 8:05 AM IST
Highlights

അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങളാണ് നിലവിലുള്ളത്. ഇതിലൊന്ന് പടിഞ്ഞാറൻ തീരത്തും രണ്ടാമത്തെ ന്യൂനമർദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്. 

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യത്തെ തുടർന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങളാണ് നിലവിലുള്ളത്. ഇതിലൊന്ന് പടിഞ്ഞാറൻ തീരത്തും രണ്ടാമത്തെ ന്യൂനമർദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്. കേരള തീരത്തെ ന്യൂനമർദ്ദം കഴിഞ്ഞ 48 മണിക്കൂറിൽ കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. ഇതു നാളെയോടെ നിസർഗ ചുഴലിക്കാറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കാലവർഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. 

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജൂൺ 4 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ഇന്നുതന്നെ കാലവർഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. കേരളത്തിൽ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

click me!