'കോലാഹലവുമായി ഇറങ്ങിയവരുടെ ലക്ഷ്യം മുതലെടുപ്പ്'; പ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി ദേശാഭിമാനി മുഖപ്രസംഗം

By Web TeamFirst Published Nov 5, 2019, 9:07 AM IST
Highlights

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം ആരെയാണ് സഹായിക്കുക? ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനുള്ള ചുമതല എല്ലാവർക്കുമുണ്ട് . സിപിഐയെ പേരെടുത്ത് പറയാതെയാണ് പരോക്ഷ വിമർശനം . 

തിരുവനന്തപുരം: യുഎപിഎ സംബന്ധിച്ച് പ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി ദേശാഭിമാനിയുടെ മുഖപ്രസംഗം. മാവോയിസ്റ്റ് ഭീകരതയെ ചിലർ നിസ്സാരവൽക്കരിക്കുന്നു. കോലാഹലവുമായി ഇറങ്ങിയവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണെന്നും ദേശാഭിമാനി മുഖപത്രം വ്യക്തമാക്കുന്നു. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം ആരെയാണ് സഹായിക്കുക?  ഛിദ്രശക്തികളെ ഒറ്റപ്പെടുത്താനുള്ള ചുമതല എല്ലാവർക്കുമുണ്ടെന്ന് സിപിഐയെ പേരെടുത്ത് പറയാതെയാണ് ദേശാഭിമാനിയുടെ പരോക്ഷ വിമർശനം. 

സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ജനവിഭാഗങ്ങളെ ദുർബോധനപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ്‌ മാവോയിസ്റ്റുകൾ മലയോര–- വനമേഖലകളിൽ നിലയുറപ്പിക്കുന്നത്‌. പൊലീസ്‌–- അർധസൈനിക സേനയിൽപെട്ടവരാണ്‌ ഇവരുടെ  സായുധപ്രവർത്തനത്തിന്റെ പ്രധാന ഇരകൾ. നിരവധി രാഷ്ട്രീയപ്രവർത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി പശ്ചിമഘട്ട  വനപ്രദേശങ്ങൾ മാവോയിസ്റ്റുകൾ താവളമാക്കുന്നതായി കേന്ദ്ര ഇന്റലിജൻസ്‌ ഏജൻസികൾ നിരന്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നു.  വയനാട്ടിലും അട്ടപ്പാടിയിലും തീവ്രവാദ സാന്നിധ്യം അനുഭവപ്പെട്ടതുമാണ്‌. 

കേരളത്തിലെ പ്രതിപക്ഷകക്ഷികൾ നിർഭാഗ്യവശാൽ ജനവിരുദ്ധസമീപനവും കുറ്റകരമായ അനാസ്ഥയുമാണ്‌ കാണിക്കുന്നത്‌. രാജ്യദ്രോഹവും ഭീകരപ്രവർത്തനവും ആരോപിച്ച്‌ പൗരന്മാരെ പീഡിപ്പിക്കുകയും മനുഷ്യാവകാശങ്ങൾ നിഷേധിക്കുകയുംചെയ്യുന്ന ഭരണകൂടഭീകരതയെ ഒരിക്കലും കുറച്ചുകാണേണ്ടതില്ല. ഗൂഢാലോചന കേസുകൾ ചുമത്തിയും ചൈനീസ്‌ ചാരന്മാർ എന്ന്‌ ആരോപിച്ചും കമ്യൂണിസ്‌റ്റുകാരെയാണ്‌ ഏറ്റവുമധികം വേട്ടയാടിയത്‌. അടിയന്തരാവസ്ഥക്കാലത്തും എല്ലാ പൗരാവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടു. ഇന്നത്തെ യുഎപിഎയുടെ ആദ്യരൂപം 1967ലെ കോൺഗ്രസ്‌ സർക്കാരാണ്‌ കൊണ്ടുവന്നതെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

click me!