
കോട്ടയം: എകെജി സെന്‍റര്‍ സ്ഫോടന കേസില്‍ പ്രതിയെ തിരിച്ചറിയാനുളള തെളിവ് കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുന്ന പൊലീസ് കോട്ടയം ഡിസിസി ഓഫിസ് ആക്രമണ കേസില്‍ വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നു. സിപിഎംകാരായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. എന്നാല്‍ ഡിസിസി ഓഫിസിനുണ്ടായ നാശനഷ്ടത്തിന്‍റെ കണക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കിട്ടാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നാണ് പൊലീസ് വിശദീകരണം.
എകെജി സെന്‍ററിന് മുന്നില്‍ സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകമാണ് കോട്ടയം ഡിസിസി ഓഫിസിന് ആക്രമണം നടന്നത്. നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിന്‍റെ കണ്‍മുന്നില്‍ വച്ചാണ് ഡിസിസി ഓഫിസിനു നേരെ കല്ലും തീപ്പന്തവും എറിഞ്ഞത്. സംഘത്തിലുണ്ടായിരുന്നവരെയെല്ലാം പൊലീസ് തിരിച്ചറിയുകയും ഇവര്‍ക്കെതിരെ സ്വകാര്യമുതല്‍ നശീകരണത്തിന് കേസെടുക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ അറസ്റ്റ് വൈകുന്നത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുളളവരെ മര്‍ദിച്ച കേസില്‍ പൊലീസ് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടവര്‍ തന്നെയാണ് ഡിസിസി ഓഫിസ് ആക്രമിച്ചതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
ഡിസിസി ഓഫിസിലേക്ക് തീപ്പന്തമെറിഞ്ഞത് കുമരകത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മിഥുന്‍ എന്ന അമ്പിളിയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതേ അമ്പിളി നേരത്തെ മറ്റൊരു കേസില്‍ അറസ്റ്റിലായപ്പോള്‍ പൊലീസ് സ്റ്റേഷനുളളില്‍ എസ്ഐയുടെ തൊപ്പി വെച്ച് സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ചതും വിവാദത്തിലായിരുന്നു. എന്നാല്‍ പ്രതികള്‍ നിരീക്ഷണത്തിലുണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസിന്‍റെ വിശദീകരണം. കല്ലേറില്‍ ഡിസിസി ഓഫിസിനുണ്ടായ നഷ്ടത്തിന്‍റെ കണക്കെടുപ്പ് പൂര്‍ത്തിയായാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറയുന്നു. നഷ്ടക്കണക്ക് വ്യക്തമാകാതെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയാല്‍ വേഗം ജാമ്യം കിട്ടുമെന്നാണ് പൊലീസ് ഭാഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam