ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ച് തുടങ്ങിയതായി പി വി അൻവർ ഹൈക്കോടതിയിൽ

By Web TeamFirst Published May 30, 2019, 3:37 PM IST
Highlights

പി വി അൻവറിന്‍റെ ഭാര്യാ പിതാവ് അബ്ദുൾ ലത്തീഫിന്‍റെ ഉടമസ്ഥതയിലുള്ള തടയണ പൂർണമായും പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോർ‌ണിക്ക് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു.
 

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിന്‍റെ തടയണ ഒരാഴ്ചക്കുള്ളിൽ പൊളിച്ച് നീക്കുമെന്ന് ഭാര്യാ പിതാവ് അബ്ദുൾ ലത്തീഫ് ഹൈക്കോടതിയിൽ. തടയണ പൊളിക്കുന്ന ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പി വി അൻവറും കേരളാ സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

പി വി അൻവറിന്‍റെ ഭാര്യാ പിതാവ് അബ്ദുൾ ലത്തീഫിന്‍റെ ഉടമസ്ഥതയിലുള്ള തടയണ പൂർണമായും പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് അറ്റോർ‌ണിക്ക് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങിയത്. പി വി അൻവറിന്‍റെ വാട്ടർ തീം പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം  എത്തിച്ചിരുന്നത് ഈ തടയണയിൽ നിന്നായിരുന്നു.

 പി വി അൻവറിന്‍റെ വാട്ടർ തീം അമ്യൂസ്മെന്‍റ്  പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു.  

പാർക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യിൽ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിർത്തിയിരുന്നത്.  പാർക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 
 

click me!