മുംബൈയിൽ നിന്ന് തിങ്കളാഴ്ച എത്തി, ഇന്നലെ ആശുപത്രിയിലാക്കി; ഇന്നലെ വൈകീട്ട് മരണം

By Web TeamFirst Published May 21, 2020, 11:07 PM IST
Highlights
  • കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
  • ഒപ്പമുണ്ടായിരുന്ന മകനടക്കം അഞ്ച് പേരാണ് ഇപ്പോള്‍ ക്വാറന്‍റീനിലുള്ളത്

തൃശൂര്‍: മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ ഖദീജക്കുട്ടിക്ക് ആശുപത്രിയില്‍ മരണം സംഭവിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണം നാലായി ഉയര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖദീജ മുംബൈയിലെ മകളുടെ വീട്ടില്‍ നിന്ന് നാട്ടിലെത്തിയത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 73 കാരിക്ക് ജീവന്‍ നഷ്ടമായത്.

മുംബൈയിൽ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സവുമുണ്ടായിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിയായ ഖദീജക്കുട്ടിയെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. സ്ഥിതി ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. വൈകിട്ടോടെ കൊവിഡ് സ്രവ പരിശോധനാഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കൊപ്പം വന്നവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മകനടക്കം അഞ്ച് പേരാണ് ഇപ്പോള്‍ ക്വാറന്‍റീനിലുള്ളത്. മുബൈയില്‍ നിന്നും ഇവര്‍ റോഡ് മാര്‍ഗമായിരുന്നു കേരളത്തിലേക്ക് എത്തിയത്.

click me!