ഡാറ്റ നശിപ്പിക്കാന്‍ സ്പ്രിംക്ളറിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതില്‍ ദുരൂഹത; ആരോപണവുമായി കെ സുരേന്ദ്രന്‍

By Web TeamFirst Published May 21, 2020, 7:19 PM IST
Highlights

ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിംഗ്‌ളര്‍ കമ്പനി ദുരുപയോഗം ചെയ്തിരിക്കുന്നു എന്നത് ഉറപ്പാണ്. പൂര്‍ണ്ണമായി സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. 

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലോകമെങ്ങും കേരളത്തിലെ ചികിത്സാ സംവിധാനത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതും പ്രതിരോധ സംവിധാനത്തിലെ മേന്മകള്‍ പെരുപ്പിച്ച് കാട്ടുന്നതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റാ വിലപ്പെട്ടതാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രത്യേക ആളുകളെ നിയോഗിച്ചാണ് ഇത്തരം പ്രചരണം സംഘടിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തനിക്ക് പിആര്‍ കമ്പനിയുടെ സഹായം ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇത് കളവാണ്. സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ വച്ച് രാജ്യത്തിന് പുറത്ത് പ്രാചാരണം നടത്തുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തില്‍ നിന്നുള്ള ഒരാളും, പശ്ചിമ ബംഗാള്‍ ആസ്ഥാനമായ ഒരാളുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കേരളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നത്. ഇവര്‍ തന്നെ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിന്‍അമേരിക്കയിലുമെല്ലാമുള്ള മാധ്യമങ്ങളില്‍ കേരളത്തെ പുകഴ്ത്തി വാര്‍ത്തകളും ലേഖനങ്ങളും  നല്‍കുന്നു.

കഴിഞ്ഞ രണ്ട് മാസത്തിലധികമായി കേരളത്തില്‍ നടന്നുവരുന്ന കൊറോണയെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ലേഖനങ്ങള്‍. ഒരേ തരത്തിലാണ് എല്ലാ പത്രങ്ങളിലും ഇത് നല്‍കിയിരിക്കുന്നത്. ചില രാജ്യങ്ങളിലെ പ്രദേശിക ഭാഷയിലടക്കമായിരുന്നു പ്രചരണം. ഇതെല്ലാം പുറത്തുവരുമ്പോഴാണ് മുഖ്യമന്ത്രി തനിക്ക് പിആര്‍ ഏജന്‍സിയുടെ സഹായം ആവശ്യമില്ലെന്ന് പച്ചക്കള്ളം പറയുന്നത്. സ്പ്രിംഗ്‌ളര്‍ കമ്പനിയുടെ ഡാറ്റാ വിവാദവുമായി ഇതിന് ബന്ധമുണ്ട്. കേരളത്തിന്റെ ഡാറ്റാ വളരെ വിലയുള്ളതാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിആര്‍ പ്രചരണം പുറത്തായതോടെയാണ് സര്‍ക്കാര്‍ സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ മലക്കം മറിയുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ ഈ മലക്കം മറച്ചിലില്‍ ദുരൂഹതയുണ്ട്. നേരത്തേ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് ഇന്നലെ ഹൈക്കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഈ വിഷയത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിംഗ്‌ളര്‍ കമ്പനി ദുരുപയോഗം ചെയ്തിരിക്കുന്നു എന്നത് ഉറപ്പാണ്. പൂര്‍ണ്ണമായി സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. 

സ്പ്രിംഗ്‌ളര്‍ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും സര്‍ക്കാര്‍ റദ്ദാക്കണം. ഡാറ്റ നശിപ്പിച്ച് കളയാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു എന്നു സര്‍ക്കാര്‍ പറഞ്ഞതിലും ദുരൂഹതയുണ്ട്. ഡാറ്റാ നശിപ്പിച്ചുകളയാന്‍ ആവശ്യപ്പെട്ടാലും അവര്‍ ശേഖരിച്ച ഡാറ്റാകള്‍ നഷ്ടപ്പെടുക തന്നെ ചെയ്യും. സ്പ്രിംഗ്‌ളറില്‍ സത്യം പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

click me!