'അച്ഛന്റെ കരളാണീ പൊന്നുമകൾ'; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ

Published : Feb 18, 2023, 03:04 PM IST
'അച്ഛന്റെ കരളാണീ പൊന്നുമകൾ'; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ

Synopsis

പരിശോധനയിൽ കരളിൽ അർബുദ ബാധ കണ്ടെത്തി. കരൾ മാറ്റിവെക്കുക മാത്രമാണ് പോംവഴി. ദാതാവിനെ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. 

തൃശൂർ: നിയമ പോരാട്ടത്തിനൊടുവിൽ അച്ഛന് കരൾ പകുത്തു നൽകി പതിനേഴുകാരി ദേവനന്ദ. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ഇരുവരും. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരാൾ അവയവ ദാതാവാകുന്നത്. അച്ഛന്റെ ജീവൻ രക്ഷിക്കാൻ എന്തു ചെയ്യും? ഏതറ്റം വരെയും പോകുമെന്ന് തൃശൂർ കോലഴി സ്വദേശിയായ പതിനേഴുകാരി ദേവനന്ദ. തൃശൂരിൽ കഫേ നടത്തിയിരുന്ന കോലഴി സ്വദേശി പ്രതീഷ് പൊടുന്നനെയാണ് അസുഖബാധിതനായത്. പരിശോധനയിൽ കരളിൽ അർബുദ ബാധ കണ്ടെത്തി. കരൾ മാറ്റിവെക്കുക മാത്രമാണ് പോംവഴി. ദാതാവിനെ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. 

അപ്പോഴാണ് തന്റെ കരൾ അച്ഛന് ചേരുമോയെന്ന് ദേവനന്ദ അച്ഛനോട് ചോദിക്കുന്നത്. പരിശോധിച്ചപ്പോൽ ചേരും. പക്ഷേ പ്രായപൂർത്തിയാകാത്തവർക്ക് അവയവ ദാനത്തിന് നിയമാനുതിയില്ല. തളരാതെ നടത്തിയ അന്വേഷണത്തിൽ മുമ്പ് ഒരുതവണ സമാന കേസിൽ കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് വ്യക്തമായി. നേരെ ഹൈക്കോടതിയിലേക്ക്. മെഡിക്കൽ ബോർഡിന് മുന്നിൽ എല്ലാ രേഖകളും ഹാജരാക്കി. ഒടുവിൽ ദേവനന്ദയെ അനുമോദിച്ച് അവയവമാറ്റത്തിന് ഹൈക്കോടതിയുടെ അനുമതി. 

ഈ പ്രായത്തിൽ ഇതിനൊക്കെയുള്ള ധൈര്യം എവിടെനിന്നെന്ന് ചോദിച്ചാൽ മറുപടിയിങ്ങനെ. 'ഞാനിതിന് തയ്യാറായത് എന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാനാണ്. ഇങ്ങനെയൊരു അസുഖം വന്നപ്പോൾ ഞങ്ങൾ കുടുംബം ഒരുപാട് ബുദ്ധിമുട്ടി.' ആലുവ രാജ​ഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ദേവനന്ദയുടെ ഇച്ഛാശക്തി കണ്ട് മുഴുവൻ ചികിത്സാ ചെലവും ആശുപത്രി അധികൃതർ ഏറ്റെടുത്തു. തൃശൂരിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ. ഇനി മുന്നിലുള്ളത് വരാനിരിക്കുന്ന പ്ലസ് ടൂ പരീക്ഷ. പക്ഷേ ജീവിതത്തിൽ ഇനി പരീക്ഷയോ എന്നാണ് എല്ലാവരും ദേവനന്ദയോട് ചോദിക്കുന്നത്. 

PREV
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്