ദേവനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു, നെഞ്ചുപൊട്ടി കരഞ്ഞ് ബന്ധുക്കളും നാട്ടുകാരും

By Web TeamFirst Published Feb 28, 2020, 3:58 PM IST
Highlights

കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ല

കൊല്ലം: ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു. നെഞ്ച് പൊട്ടിക്കരഞ്ഞാണ് വീട്ടുകാരും നാട്ടുകാരും ദേവനന്ദയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം വീട്ടിൽ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. വൈകിട്ട് ആറരയോടെയാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ല. 

വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ഇന്‍ക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. 

കുട്ടിയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മുങ്ങൽ വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. 

click me!