
തിരുവനന്തപുരം: ആറ് വയസുകാരി ദേവനന്ദയ്ക്ക് കേരളത്തിന്റെ ബാഷ്പാഞ്ജലി. വിതുമ്പിക്കരഞ്ഞ നൂറ് കണക്കിന് മനുഷ്യരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി ദേവനന്ദ ഓർമ്മയായി. കുടവട്ടൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം സംസ്കരിച്ചത്. പൊതുദർശനം പൂർത്തിയാക്കിയ ശേഷം ആറരയോടെയാണ് സംസ്കാര ചടങ്ങുകളിലേക്ക് കടന്നത്.
നൂറ് കണക്കിന് ആളുകളാണ് ദേവനന്ദയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ, സ്കൂളിലും വീട്ടിലുമായി എത്തിയത്. ദേവനന്ദയുടെത് മുങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിൻറെ പാടുകളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതേ സമയം ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി.നാരായണൻ പറഞ്ഞു.
ഇന്നലെ പത്തുമണിയോടെയാണ് ദേവനന്ദയെ കാണാതാകുന്നത്. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കാമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് ഡോക്ടർമാരുടെ നിഗമനം. മൃതദേഹം അഴുകാനും തുടങ്ങിയിരുന്നു. ആന്തരികാവയവത്തിൽ വെള്ളവും ചെളിയുമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗത്തിലെ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. വെളളത്തിൽ ബലപ്രയോഗിച്ച് താഴ്ത്തുമ്പോഴുണ്ടാകുന്ന പാടുകളൊന്നും പൊലീസിൻറെ മൃതദേഹ പരിശോധനയിലും കണ്ടെത്തിയില്ല.
കുട്ടിയെ പരിചയക്കാരാരെങ്കിലും പുഴയരികിലേക്ക് കൂട്ടികൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് പ്രത്യേക സംഘത്തിനുള്ള നിർദ്ദേശം. ദേവനന്ദയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി വൈകാതെ പൊലീസ് രേഖപ്പെടുത്തും. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്രയും വേഗം ലഭിക്കാനും പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam