
തിരുവനന്തപുരം: ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കുടവട്ടൂരിലെ കുടുംബ വീട്ടിൽ എത്തിച്ചു. ഇവിടെയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്കും ആറരയ്ക്കും ഇടയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
കേരളത്തിനാകെ നൊമ്പരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ദേവനന്ദ. ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ആരെങ്കിലും കുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഇപ്പോഴും ബലപ്പെട്ട് കിടക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി മരിച്ചത് ആറ്റിൽ മുങ്ങിയാണെന്ന് വ്യക്തമായി.
എന്നാൽ കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ല.
വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ഇന്‍ക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam