കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് കച്ചവടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

Web Desk   | Asianet News
Published : Feb 28, 2020, 05:03 PM ISTUpdated : Feb 28, 2020, 05:26 PM IST
കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് കച്ചവടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

Synopsis

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് അധികൃതർ നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, രക്ഷിതാക്കൾ നൽകി ഹ‍ർജിയിലാണ്ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് കച്ചവടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളേജ് അധികൃതർ നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. വൻതുകയുടെ സാമ്പത്തിക ഇടപാടായതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കി.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. സീറ്റ് കച്ചവടം പുറത്തുവന്നതിനെത്തുടർന്ന് വൻ വിവാദമായ സംഭവത്തിൽ പൊലീസ് അന്ന് കേസെടുത്തിരുന്നതാണ്. എന്നാൽ നാളിത് വരെയായി കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിലുണ്ടായിട്ടില്ലെന്നും, അന്വേഷണം കാര്യക്ഷമമല്ലെന്നും കാട്ടിയാണ് രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്. ഇത് കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതും. 

സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളേജാണ് കാരക്കോണം മെഡിക്കൽ കോളേജ്. വെള്ളറട പൊലീസാണ് കേസ് നിലവിൽ അന്വേഷിക്കുന്നത്. 2019 ഏപ്രിലിലാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. സീറ്റ് പേയ്മെന്‍റ് വിവാദത്തിൽ പുലിവാല് പിടിച്ച മുൻ സിപിഐ സ്ഥാനാർത്ഥി ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദമുണ്ടായ കാലത്ത് കോളേജിന്‍റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കൽ കോളേജ് കൺട്രോളർ ഡോ. പി തങ്കരാജൻ, മുൻ പ്രിൻസിപ്പാൾ ഡോ. പി മധുസൂദനൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിൽ സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലമടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ശുപാർശ നൽകിയിരുന്നതാണ്.

സിഎസ്ഐ സഭയിൽ വലിയ പൊട്ടിത്തെറികളുണ്ടാക്കിയ സീറ്റ് ഇടപാടാണിത്. 24 പേരാണ് കാരക്കോണം മെഡിക്കൽ കോളേജിനെതിരെ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനെ നേരത്തെ സമീപിച്ചത്. 10 ലക്ഷം മുതൽ 50 ലക്ഷം വരെ കൈപ്പറ്റിയെന്നാണ് പരാതി. 

ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നൽകിയതെന്നായിരുന്നു പരാതി. ഈ തുക തിരിച്ചുവാങ്ങി തരണമെന്നായിരുന്നു ആവശ്യം. 2016 മുതൽ മുൻകൂറായി സീറ്റിന് പണം വാങ്ങുന്നുണ്ടെന്നും ഇത് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തിയതായും തെളിവെടുപ്പിൽ നേരത്തെ ബിഷപ്പ് അടക്കമുള്ളവർ സമ്മതിച്ചിരുന്നു. പരാതിക്കാർക്ക് 12 തവണകളായി  തുക മടക്കി നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷൻ കർശനമായി ഇടപെട്ടതും, നടപടി ശുപാർശ ചെയ്തതും.

അഴിമതിയിൽ പങ്കാളിയായ ഡോ. ബെനറ്റ് എബ്രഹാമിനെ വീണ്ടും ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയതിനെതിരെയും സിഎസ്ഐ സഭയിൽ വൻ കലഹമുണ്ടായിരുന്നതാണ്. കോഴപ്പണം സൂക്ഷിച്ച അക്കൗണ്ട് ബിഷപ്പിന്‍റെ പക്ഷം മോഷ്ടിച്ചുവെന്നടക്കം ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി