
കൊല്ലം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്താനായില്ലെന്ന് അന്വേഷണ ചുമതല ഉള്ള ചാത്തന്നൂർ എസിപി ജോർജ് കോശി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളതുപോലെ മുങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് അന്വേഷണവും എത്തുന്നത്. അന്വേഷണത്തിന്റെ തുടർച്ചയായി ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ചു.
ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് വിവിധ സാധ്യതകൾ പരിശോധിക്കുന്നത്. ഇതിനോടകം 40 ലേറെപ്പേരെ ചോദ്യം ചെയ്തു. എന്നാല്‍ കാര്യമായ സൂചനകളൊന്നും ഇവരില്‍ നിന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ ചുമതല ഉള്ള ചാത്തന്നൂർ എസിപി ജോർജ് കോശി പറയുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.കെ.ശശികലയുടെ നേതൃത്വത്തിൽ ഉള്ള ഫോറൻസിക് സംഘം സ്ഥലത്തെത്തി പുഴയുടെ ആഴം അളന്നു. വീടും പുഴയിലേക്കുള്ള വഴിയും വിശദമായി പരിശോധിച്ചു. ഈ ഫോറൻസിക് റിപ്പോർട്ട് കൂടി പരിഗണിച്ചാകും തുടർ അന്വേഷണം.
അതേ സമയം ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്‍റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു.
ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണിപ്പോൾ അച്ഛൻ മാറ്റിയത്. പൊലീസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 38 പേരുടെ മൊഴിയാണ് പൊലീസിതുവരെ എടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam