
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി ഇളക്കിയ നടപടിയിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ബോർഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നതെന്ന് പി എസ് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപ്പാളി നീക്കിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യക്തമാക്കി. ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല. ചെന്നൈയിലേക്ക് സ്വര്‍ണപ്പാളി കൊണ്ടുപോയത് നടപടി ക്രമം പാലിച്ചാണ്. ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്. സാങ്കേതി പ്രശ്നത്തിന്‍റെ പേരിൽ പഴി കേള്‍ക്കുന്നുവെന്നും പി എസ് പ്രശാന്ത് ചൂണ്ടിക്കാട്ടി. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിര്‍ച്വൽ ക്യൂവിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.
ഇളക്കിക്കൊണ്ടുപോയ സ്വർണ്ണ പാളി ഉടൻ തിരികെ കൊണ്ടുവരാൻ ആകില്ലെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തിൽ ഇത് തിരികെ കൊണ്ടുവരാൻ ആകില്ല. ഇക്കാര്യമാണ് കോടതിയെ ബോധ്യപ്പെടുത്തുക. തങ്ങൾ ഒരു അപരാധവും ചെയ്തിട്ടില്ല. കോടതിയുടെ അനുമതി തേടാതിരുന്നത് സാങ്കേതിക വിഷയം മാത്രമാണെന്നും പി എസ് പ്രശാന്ത് ചൂണ്ടിക്കാട്ടി. അയ്യപ്പ സംഗമത്തിന് പിരിക്കുന്ന പണത്തെക്കുറിച്ച് യാതൊരു കുഴപ്പവുമില്ലെന്നും എല്ലാ കണക്കുകളും കോടതിയെ ബോധിപ്പിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി.
കേസിൽ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹർജി നൽകും. അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ ശില്‍പങ്ങളുടെ സ്വര്‍ണപാളികള്‍ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടും. അഡ്വക്കേറ്റ് ജനറൽ കേസിൽ നേരിട്ട് ഹാജർ ആകും. ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണ പാളികൾ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ട് പോയതിനാൽ ഉടൻ തിരികെ എത്തിക്കണം എന്ന് ദേവസ്വം ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു.
ഈ ഉത്തരവ് പുനഃപരിശോധിക്കണം എന്നാണ് ഹർജിയിൽ ആവശ്യപെടുക. അഡ്വക്കേറ്റ് ജനറൽ കേസിൽ നേരിട്ട് ഹാജർ ആകും. ദേവസ്വം കമ്മീഷണർ, എക്സിക്യൂട്ടിവ് ഓഫീസർ, തിരുവാഭരണം കമ്മീഷണർ എന്നിവരോട് വീഴ്ചയിൽ വിശദീകരണം നൽകണം എന്നും കോടതി ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ഹർജി കോടതി പരിഗണിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ ആണ് തീരുമാനം. ചെന്നൈയിലേക്കു കൊണ്ട് പോയ സ്വർണ പാളികൾ ഉരുക്കി എന്നാണ് വിവരം.