ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ

By Web TeamFirst Published Oct 22, 2020, 5:54 AM IST
Highlights

ദിവസം 250 പേർക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നെങ്കിലും 200 ൽ താഴെ ആളുകൾ മാത്രമാണ് സന്നിധാനത്തെത്തിയത്. ഹൈന്ദവ സംഘടനകൾ അടക്കം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സർക്കാ‍ർ മുന്നോട്ട് വച്ച് നിദേശങ്ങൾ ഭക്തർ പൂർണമായും അംഗീകരിച്ചത് കാര്യങ്ങൾ സുഗമമാക്കി. 

പത്തനംതിട്ട: ശബരിമലയിൽ തുലാമാസ പൂജകൾക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. മണ്ഡല മകര വിളക്ക് കാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് തീർത്ഥാടകരെ തുലാമാസ പൂജകൾക്ക് പ്രവേശിപ്പിച്ചത്. പരീക്ഷണം വിജയിച്ചതോടെ അടുത്ത് തീർത്ഥാടന കാലം കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ അഞ്ച് ദിവസത്തെ ശബരിമല ദർശനം. വെർച്ചൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത 250 പേർക്ക് മാത്രം പ്രതിദിനം പ്രവേശനത്തിനുള്ള അനുമതി. തുടക്കത്തിൽ ദേവസ്വം ബോർഡിനും സർക്കാരിനും വലിയ ആശങ്കകളുണ്ടായിരുന്നെങ്കിലും പരീക്ഷണാടിസ്ഥാനത്തിലുള്ള ദർശനം വിജയം. പ്രതീക്ഷിച്ചത് പോലെ സന്നിധാത്തെത്തിയവർക്ക് കൊവിഡ് സ്ഥിരീകരക്കാത്തതാണ് ആശ്വാസം. അഞ്ച് ദിവസങ്ങളിലായി എത്തിയവരിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ദിവസം 250 പേർക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നെങ്കിലും 200 ൽ താഴെ ആളുകൾ മാത്രമാണ് സന്നിധാനത്തെത്തിയത്. വെർച്ച്യുൽ ക്യൂ വഴി ബുക്ക് ചെയ്തവരിൽ പലരും ദർശനത്തിനെത്തിയില്ല. സന്നിധാനത്തെത്തിയവരിൽ എൺപത് ശതമാനവും ഇതര സംസ്ഥാനത്താനക്കാർ. ഹൈന്ദവ സംഘടനകൾ അടക്കം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സർക്കാ‍ർ മുന്നോട്ട് വച്ച് നിദേശങ്ങൾ ഭക്തർ പൂർണമായും അംഗീകരിച്ചത് കാര്യങ്ങൾ സുഗമമാക്കി. മണ്ഡല മകരവിളക്ക് കാലത്തും ഈ നിയന്ത്രണങ്ങളോടെ പ്രതിദിനം ആയിരംപേരേയും ശനി ഞായർ ദിവസങ്ങളിൽ രണ്ടായിരം പേരെയും കയറ്റാനാണ് തീരുമാനം. 

അതേസമയം ഭക്തരെ നിയന്ത്രിച്ചത് മൂലം ദേവസ്വം ബോർഡിന് കനത്ത സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്. കാണിക്ക ഇനത്തിൽ ലഭിച്ചത് ചെറിയ തുക മാത്രം. അരവണ പ്രസാദവും വേണ്ടത്ര വിറ്റു പോയില്ല. നൂറിൽപ്പരം ദേവസ്വം ജീവനക്കാർക്ക് പുറമെ 120 ആരോഗ്യ പ്രവർത്തകരും നൂറ്റിയമ്പതോളം പൊലീസുകാരും സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്നു.ഇവരുടെ മൂന്ന് നേരത്തെ ഭക്ഷണത്തിന് തന്നെ ബോർഡിന് വലിയ തുക ചെലവായിട്ടുണ്ട്. തുലാ മാസത്തെ വരുമാനം ദൈനംദിന ചെലവിനും പോലും തികഞ്ഞിട്ടില്ല.

click me!