'പുനർജനി പദ്ധതിയിൽ ഇതുവരെ നാല് തവണ അന്വേഷണം നടന്നു. ഇനിയും അന്വേഷണം വേണമെന്നുണ്ടെങ്കിൽ അത് നടത്തട്ടെ. സർക്കാരിനും സിപിഎമ്മിനും തന്നെ സി ബി ഐയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് അറസ്റ്റ് ചെയ്യിക്കാനാണ് ആഗ്രഹമെങ്കിൽ അതും നടക്കട്ടെ'

സുൽത്താൻ ബത്തേരി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയിൽ ഇതുവരെ നാല് തവണ അന്വേഷണം നടന്നതാണെന്നും എഫ്‌ സി ആർ എ ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും അന്വേഷണം വേണമെന്നുണ്ടെങ്കിൽ സർക്കാർ അത് നടത്തട്ടെ എന്നും സതീശൻ പറഞ്ഞു. സർക്കാരിനും സി പി എമ്മിനും തന്നെ സി ബി ഐയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് അറസ്റ്റ് ചെയ്യിക്കാനാണ് ആഗ്രഹമെങ്കിൽ അത് നടക്കട്ടെ എന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. ബത്തേരിയിൽ നടക്കുന്ന കോൺഗ്രസിന്‍റെ ലക്ഷ്യ ക്യാമ്പിന്‍റെ സമാപനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ആയിരുന്നു സതീശന്‍റെ വെല്ലുവിളി.

പുനർജനി പദ്ധതിക്ക് സ്വന്തമായി അക്കൗണ്ടോ ഫണ്ടോ ഇല്ലെന്നും സഹായം നൽകുന്നവർ നേരിട്ട് ഗുണഭോക്താക്കൾക്കാണ് അത് കൈമാറിയതെന്നും സതീശൻ വിശദീകരിച്ചു. പദ്ധതിയിൽ ഒരു രൂപ പോലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. വിദേശ സഹായ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ ഇടപെടേണ്ടതായിരുന്നു എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും സത്യസന്ധമായ ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവർ അത് നേരത്തെ തന്നെ ഉപയോഗിക്കുമായിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ ഇപ്പോൾ വീണ്ടും സജീവമാക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. ബിർമിങ്ഹാമിൽ പുനർജനി മോഡൽ അവതരിപ്പിച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

100 സീറ്റ് നേടി അധികാരത്തിലേറും

അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ 100 ലധികം സീറ്റുകളോടെ യു ഡി എഫ് അധികാരത്തിലെത്തുമെന്നും ലക്ഷ്യ ക്യാമ്പ് സമാപനത്തിൽ പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. ഇത് വെറും യു ഡി എഫ് അല്ലെന്നും ടീം യു ഡി എഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്‍ഫോമായി ഉയരുമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടതുപക്ഷത്തിന്‍റെ സഹയാത്രികര്‍ യു ഡി എഫ് പ്ലാറ്റ്‍ഫോമിലെത്തും. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു. യു ഡി എഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്‍റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എൽ ഡി എഫ് സർക്കാരിനെ താഴെ ഇറക്കാൻ യു ഡി എഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.