
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്കായി എൽഐസി വഴി പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. തീർത്ഥാടന സമയത്ത് ശബരിമലയിൽ വെച്ച് മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും, ഇതിനായുള്ള പ്രീമിയം തുക മുഴുവനായും ദേവസ്വം ബോർഡ് തന്നെ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലകാലം പ്രമാണിച്ച് ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനവും വിവിധ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കേറ്റ്സ്കോണുമായി ചേർന്ന് ദേവസ്വം ബോർഡിന്റെ രണ്ട് പെട്രോൾ പമ്പുകളുടെ സേവനം മെച്ചപ്പെടുത്തുമെന്നും, തീർത്ഥാടകരുടെ സൗകര്യത്തിനായി നിലയ്ക്കലിലും പമ്പയിലും പ്രത്യേക റിസപ്ഷൻ ഡെസ്കുകൾ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൺട്രോൾ ബോർഡ് ആദ്യം സ്ഥാപിക്കേണ്ടത് ദേവസ്വം ബോർഡ് ആസ്ഥാനത്താണെന്നും, എന്നാൽ മറ്റു സ്ഥലങ്ങളിൽ ഇത് ഏർപ്പെടുത്തുന്നതിന് താൻ എതിരല്ലെന്നും കെ ജയകുമാർ കൂട്ടിച്ചേർത്തു. ജീവനക്കാർക്ക് കൂടുതൽ വേതനം നൽകുന്നുണ്ടെന്ന പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും. നിലവിൽ ശബരിമലയിൽ വിവിധ മരാമത്ത് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പദ്ധതികളുമായി ബന്ധപ്പെട്ട് കിറ്റ്ഫ്ര എം.ഡി-യുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളൂ. നിലവിലുള്ള ആളുകൾ തന്നെ പദ്ധതിയിൽ തുടരും. പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചത് തങ്ങൾ അറിഞ്ഞില്ലെന്ന് കിറ്റ്ഫ്ര എം.ഡി അറിയിച്ചിട്ടുണ്ട്. സാങ്കേതികമായോ നിയമപരമായോ എന്തെങ്കിലും പിഴവുകളുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതേയുള്ളൂവെന്നും, കരാർ തുടരണമോ വേണ്ടയോ എന്ന് ആലോചിച്ച ശേഷം പറയാമെന്നാണ് കിറ്റ്ഫ്ര എം.ഡി അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. കിറ്റ്ഫ്ര തുടരുമോ ഇല്ലയോ എന്നത് ദേവസ്വം ബോർഡിന് ഒരു ഘടകമല്ലെന്നും, പദ്ധതി മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ബോർഡിന്റെ അന്തിമ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തവണ എരുമേലിയിൽ വിപുലമായ രീതിയിൽ അന്നദാനം സംഘടിപ്പിക്കുമെന്നും ഇതിനായി കിഫ്ബി കെട്ടിടം ഉപയോഗപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. വിവാദങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഒജി ബിജുവിന് നൽകിയത് ഫെസ്റ്റിവൽ കൺട്രോൾ നടത്തിപ്പിന്റെ ചുമതല മാത്രമാണെന്നും അതിന് ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒ.ജി. ബിജുവിനെതിരെ നിലവിൽ കേസുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേസുകളുള്ള എത്രപേരുണ്ടെന്നും മാധ്യമങ്ങളോട് ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam