മഹാരാജാസ് കോളേജിൽ ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തിൽ നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം ആൻ സെബാസ്റ്റ്യൻ. അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മഹാരാജാസ് പ്രിൻസിപ്പാളിന് കത്തയച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് എതിരെ അന്വേഷണം വേണമെന്നും ആൻ. ഇന്നുണ്ടായ സംഭവങ്ങൾ ഉന്നത കലാലയത്തിന് ചേർന്നതല്ലെന്നും കത്തിൽ പറയുന്നു.
കോട്ടയം: മഹാരാജാസ് കോളേജിൽ ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കർശന അച്ചടക്ക നടപടി ആവശ്യപ്പെട്ട് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം ആൻ സെബാസ്റ്റ്യൻ. വിദ്യാർഥികൾക്കെതിരെയും പ്രതിഷേധത്തിന് പ്രേരിപ്പിച്ചവർക്കെതിരെയും മാതൃകാപരമായ അന്വേഷണവും കർശന അച്ചടക്ക നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആൻ സെബാസ്റ്റ്യൻ മഹാരാജാസ് പ്രിൻസിപ്പാളിന് കത്തയച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉണ്ടായ പ്രതിഷേധവും അനിഷ്ട സംഭവങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് കത്തിൽ പറയുന്നു.
വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാനെത്തിയ വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷവും ആദരവും നിറഞ്ഞ നിമിഷത്തെയാണ് രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പേരിൽ അലങ്കോലപ്പെടുത്തിയത്. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികളോട് അനാദരവ് കാട്ടിയതും പരിപാടി അലങ്കോലപ്പെടുത്തിയതും ഒരു ഉന്നത കലാലയത്തിന് ഒട്ടും ചേർന്നതല്ല. ജനാധിപത്യപരമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെങ്കിലും ഇത്തരം സുപ്രധാന അക്കാദമിക ചടങ്ങുകളെ ബാധിക്കുന്ന തരത്തിലുള്ള അച്ചടക്കലംഘനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ആൻ സെബാസ്റ്റ്യൻ കത്തിൽ പറഞ്ഞു.
മഹാരാജാസ് കോളേജിൽ ബിരുദദാന ചടങ്ങ് നടക്കുന്നതിനിടെ ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. സസ്പെൻഷനിലായ കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ തിരിച്ചെടുക്കാത്തതിലായിരുന്നു പ്രതിഷേധം. മന്ത്രി റോജി എം ജോൺ പ്രസംഗിച്ചു തുടങ്ങിയതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ സദസ്സിൽ ബാനർ ഉയർത്തുകയായിരുന്നു. ജനാധിപത്യ പ്രതിഷേധങ്ങളെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് മന്ത്രി പ്രസംഗം തുടർന്നു. പ്രസംഗം അവസാനിച്ചതോടെ ചോദ്യങ്ങളുമായി എസ്എഫ്ഐ പ്രവർത്തകർ വേദിയിലെത്തി. പരിപാടി കഴിഞ്ഞ് മറുപടി നൽകാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഇപ്പോൾ തന്നെ മറുപടി വേണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.
പ്രതിഷേധം കനത്തതോടെ മുട്ടുമടക്കില്ലെന്നും കാലടിയിലെ അക്രമ സമരമാണെന്നും പറഞ്ഞ് മന്ത്രി വേദി വിടുകയായിരുന്നു. സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടികൾ മനപ്പൂർവം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസെടുത്തത്.






