Sabarimala|ശബരിമല ദർശനം; കേരളത്തിന് പുറത്ത് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടെന്ന് ദേവസ്വം

By Web TeamFirst Published Nov 22, 2021, 1:52 PM IST
Highlights

ശബരിമല ദർശനത്തിന് കർണ്ണാടക , തമിഴ്‍നാട്, ആഡ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഒരുക്കാൻ കഴിയുമോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് ദേവസ്വം ബോർഡ് പ്രായോഗിക ബുദ്ധിമുട്ട് അറയിച്ചത്. 

കൊച്ചി: ശബരിമല (sabarimala) ദർശനത്തിന് കേരളത്തിന് പുറത്ത് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോർഡ് (Devaswom board) ഹൈക്കോടതിയിൽ (high court). സംസ്ഥാനം മുഴുവൻ സ്പോട്ട് ബുക്കിംഗ് ഒരുക്കാനുള്ള സൗകര്യങ്ങൾ ഇല്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമല ദർശനത്തിന് കർണ്ണാടക , തമിഴ്‍നാട്, ആഡ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഒരുക്കാൻ കഴിയുമോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് ദേവസ്വം ബോർഡ് പ്രായോഗിക ബുദ്ധിമുട്ട് അറയിച്ചത്.

നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ ബുക്കിംഗ് കേന്ദ്രം അനുവദിക്കണമെങ്കിൽ ജീവനക്കാർ, കെട്ടിടം,  ഇന്‍റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണം.  ചുരുങ്ങിയ സമയത്ത് ഇത് ഒരുക്കാൻ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നാണ് ദേവസ്വം വ്യക്തമാക്കുന്നത്. മലബാർ മേഖലയിൽ പൊലീസ് സഹകരിച്ചാൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രത്തിനുള്ള സഹായം നൽകാനൊരുക്കമെന്ന് മലബാർ ദേവസ്വം ബോർ‍ഡ് ഹൈക്കോടതിയിൽ  വ്യക്തമാക്കി. എന്നാൽ ജീവനക്കാരെയടക്കം നിയമിക്കൽ സാധ്യമല്ലെന്നും പരിശീലനം ഉറപ്പാക്കാമെന്നുമാണ്  ദേവസ്വം ബോർ‍ഡ് അറയിച്ചത്.

ശബരമിലയിലെ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്ന ഹർജിയും കോടതി പരിഗണിച്ചു. ഹലാൽ മുദ്രയുള്ള ശർക്കര 2019 ൽ മാത്രമാണ് ഉണ്ടായതെന്നും നിലവിൽ അത്തരം ശർക്കര ശബരിമലയിൽ ഉപയോഗിക്കുന്നില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് , ദേവസ്വം അടക്കമുള്ളവരുടെ കർശന പരിശോധന കഴിഞ്ഞാണ് ശർക്കര ശബരിമലയിലേക്ക് അയക്കുന്നതെന്നും ദേവസ്വം ബോർഡ്  വ്യക്തമാക്കി. പരിശോധനയുടെ വിശദാംശങ്ങൾ ബുധനാഴ്ച്ച അറിയിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പ്രളയത്തിൽ തകര്‍ന്ന ഞുണുങ്ങാർ പാലം ഗാബിയോൺ ബോക്സ് ഉപയോഗിച്ച് 15 ദിവസത്തിനകം സർക്കാർ നിർമ്മിക്കുമെന്നും കോടതിയെ അറയിച്ചിട്ടുണ്ട്.

click me!