ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി, ശബരിമല തീർത്ഥാടകരുടെ അപകടത്തിൽ റിപ്പോർട്ട് തേടി

By Jithi RajFirst Published Nov 19, 2022, 11:25 AM IST
Highlights

ളാഹയിൽ വച്ച് ശബരിമല തീർത്ഥാകർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടൽ

തിരുവനന്തപുരം : ശബരിമല തീ‍ർത്ഥാടകരുടെ വാഹനം പത്തനംതിട്ടയിലെ ളാഹയിൽ വച്ച് അപകടത്തിൽപ്പെട്ട സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അടിയന്തിര ഇടപെടൽ. അപകടത്തിൽ മന്ത്രി റിപ്പോർട്ട് തേടി. ഭക്തർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അതേസമയം അപകടത്തെ തുടർന്ന് ശബരിമലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന തീർത്ഥാടകരെ വഴി തിരിച്ചുവിടുമെന്നും അധികൃതർ പറഞ്ഞു. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ പുതുക്കടയിൽ നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവൻ പ്ലാപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം. 

വിജയവാട വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം നാല് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ളാഹ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന എട്ടു വയസ്സുകാരൻ മണികണ്ഠന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ അന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്ക്. കരളിന് ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റിയിട്ടുണ്ട്. ഗുരുതര പരിക്കേറ്റ 33 വയസ്സുകാരൻ രാജശേഖരൻ, മുപ്പത്തിയഞ്ചുകാരൻ രാജേഷ്, 42 വയസുകാരൻ ഗോപൻ എന്നിവരും കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

click me!