
തൃശൂർ: ഒന്നും രണ്ടും കോടി രൂപയുടേതല്ല, ഗുരുവായൂർ ദേവസ്വത്തിലുള്ളത് 1601 കോടി രൂപ വിലമതിക്കുന്ന സ്വർണം. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസിന്‍റെ വിവരാവകാശ അപേക്ഷയ്ക്കു നൽകിയ മറുപടിയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുവായൂർ ദേവസ്വം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ ഷാജു ശങ്കറാണ് വിവരം നൽകിയത്.
1119.16 കിലോ സ്വർണമാണ് ഗുരുവായൂർ ദേവസ്വത്തിന്റെ കൈവശമുള്ളത്. ഇത് ഏതാണ്ട് 1,39,895 പവൻ വരും. പവന് 1,14,500 രൂപ കണക്കാക്കിയാൽ ഇതിന് 1601 കോടി ലഭിക്കും. ദിനംപ്രതി സ്വർണ വില കുടുന്നതനുസരിച്ച് വില വീണ്ടും ഉയരും. സ്വർണ നിക്ഷേപ പദ്ധതി പ്രകാരം എസ്ബിഐയിൽ നിക്ഷേപിച്ചിരിക്കുകയാണ് 869 കിലോ സ്വർണം. ഡബിൾ ലോക്കർ രജിസ്ട്രറിൽ രേഖപ്പെടുത്തിയ 245.52 കിലോഗ്രാം സ്വർണം വേറെയുമുണ്ട്. ഇതു കൂടാതെ സ്വർണ ലോക്കറ്റുകൾ തയ്യാറാക്കാനായി നൽകിയതിന്റെ ബാക്കി 4.46 കിലോഗ്രാം കേന്ദ്രസർക്കാരിന്റെ മുംബൈ മിന്റിൽ ഉണ്ട്.
കൂടാതെ വൻ വെള്ളി നിക്ഷേപവും ദേവസ്വത്തിനുണ്ട്. ഡബിൾ ലോക്കർ രജിസ്ട്രർ പ്രകാരം 1357 കിലോ വെള്ളിയാണുള്ളത്. ദേവസ്വത്തിന്റെ 4978.89 ഗ്രാം വെള്ളി കേന്ദ്ര സർക്കാരിന്‍റെ ഹൈദരാബാദ് മിന്‍റിൽ ഉണ്ട്. ഇങ്ങനെ ആകെ 6335 കിലോ വെള്ളിയാണ് ദേവസ്വത്തിനുള്ളത്. 215.75 കിലോഗ്രാം ചെമ്പുനാണയങ്ങളും ദേവസ്വത്തിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam