
ദില്ലി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ മന്ത്രി ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും അദ്ദേഹത്തെപ്പറ്റി പറഞ്ഞ പ്രസ്താവന പിൻവലിക്കണമെന്നും സതീശൻ ദില്ലിയിൽ പറഞ്ഞു. ഗണേഷിൻ്റെ കുടുബ പ്രശ്‌നം തീർക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഭാര്യ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടൂർ പ്രകാശിനെ ന്യായീകരിച്ചും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിൻ്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നില്ലേ? മണ്ഡലത്തിലുള്ളയാളാകുമ്പോൾ പരിചയമുണ്ടാകുമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. സ്വർണ്ണക്കൊള്ള കടകംപള്ളി അറിഞ്ഞില്ല എന്ന് പറയരുത്. മന്ത്രി ആകുമ്പോൾ അറിയണം. ചിത്രങ്ങൾ വെച്ചാണ് പറയുന്നതെങ്കിൽ മുഖ്യമന്ത്രിയോടൊപ്പം ഉള്ള ചിത്രങ്ങൾ ഉണ്ടല്ലോ? മുഹമ്മദ് റിയാസിനെതിരെ നേരത്തെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പാക് ചാരപ്പണി ചെയ്ത വ്ലോഗറെ കൊണ്ടുവന്നപ്പോൾ മന്ത്രി റിയാസിനെ താൻ വിമർശിച്ചില്ല. ആ മര്യാദ സിപിഎം കാട്ടണം. കടകംപള്ളി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോഴാണ് ശബരിമലയിൽ സ്വർണ്ണപാളികൾ മോഷ്‌ടിക്കപ്പെട്ടത്. അതുകൊണ്ട് മറുപടി പറയേണ്ട വലിയ ബാധ്യതയുണ്ട്. സോണിയയുടെ വസതിയിൽ ആർക്കു വേണമെങ്കിലും പോകാമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, പോറ്റി - അടൂർപ്രകാശ് കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്തത് മറ്റ് പരിപാടികളിൽ പങ്കെടുക്കാനുള്ളത് കൊണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ നിയമ സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam