ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണം; ആവശ്യമുയര്‍ത്തി ദേവസ്വം ബോര്‍ഡ്

By Web TeamFirst Published Nov 21, 2020, 12:51 PM IST
Highlights

തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാണ് ദേവസ്വം ബോർഡിന്‍റെ ആവശ്യം. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ ആഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കാനാണ് സാധ്യത. 

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലം തുടങ്ങിയ ശേഷം ഇന്ന് ആദ്യമായി രണ്ടായിരം പേർക്ക് പ്രവേശനം. തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്നാണ് ദേവസ്വം ബോർഡിന്‍റെ ആവശ്യം. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ ആഴ്ച അന്തിമ തീരുമാനം ഉണ്ടായേക്കാനാണ് സാധ്യത. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വരാന്ത്യങ്ങളിൽ രണ്ടായിരം പേർക്കാണ് സന്നിധാനത്ത് ദർശനത്തിന് അനുമതി.

തീർത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ ശനിയാഴ്ച മുൻ ദിവസങ്ങിൽ നിന്ന് പ്രകടമായ വ്യത്യാസങ്ങള്‍ ഉച്ചവരെ ഉണ്ടായിട്ടില്ല. തിരക്കൊഴിഞ്ഞ നിലയിലാണ് സന്നിധാനം. കുടുതലായും എത്തുന്നത് ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ്.  ഇന്ന് ഹരിവരാസനം പാടി നട അടക്കും വരെയാണ് ഭക്തർക്ക് പ്രവേശനം.

നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യ വകുപ്പുമായി കൂടി ആലോചിച്ച് കുടുതൽ തീർത്ഥാടകരെ ദർശനത്തിന് അനുവദിക്കണമെന്ന് ദേവസ്വം പ്രസിഡന്‍റ് എൻ വാസു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ശബരിമലയിലെ വരുമാനത്തിലും കാര്യമായ കുറവാണ് ഇത്തവണയുള്ളത്. കഴിഞ്ഞ വർഷം വൃശ്ചികം ഒന്നിന് 3.32 കോടി രൂപയായിരുന്നു നടവരവ്. ഇത്തവണ നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനം അരകോടിയിലെത്തിയിട്ടില്ല.

ആദ്യ ദിവസത്തെ നടവരവ് പത്ത് ലക്ഷത്തിൽ താഴെയാണ്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ സർക്കാർ സഹായം തേടിയിരിക്കുകയാണ് ദേവസ്വംബോർഡ്. തീർത്ഥാടനകാലത്ത് ഒരു ദിവസത്തെ ചെലവിന് തന്നെ 38 ലക്ഷം രൂപ വേണം. രൂക്ഷമായ സാമ്പത്തികസ്ഥിതിയും സർക്കാരിനെ ബോധ്യപ്പെടുത്തി തീർത്ഥാടകരുടെ എണ്ണം കൂട്ടാനാണ് ബോർഡിന്റെ ശ്രമം. 

click me!