'കണ്ണ് തുറന്നിരിക്കണം'; സംസ്ഥാനത്തെ സി.സി.ടി.വികളുടെ ഓഡിറ്റിങ്ങ് നടത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

Published : Oct 31, 2022, 03:58 PM ISTUpdated : Oct 31, 2022, 04:43 PM IST
'കണ്ണ് തുറന്നിരിക്കണം'; സംസ്ഥാനത്തെ സി.സി.ടി.വികളുടെ ഓഡിറ്റിങ്ങ് നടത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

Synopsis

എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സി.സി.ടി.വി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  പൊലീസ് ഏകോപിപ്പിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സി.സി.ടി.വികളും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. എല്ലാ ജില്ലകളിലെയും പ്രധാനകേന്ദ്രങ്ങളും തെരുവുകളും പൂര്‍ണ്ണമായും സി.സി.ടി.വി പരിധിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  പൊലീസ് ഏകോപിപ്പിക്കും.  ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ഥാപിച്ചിട്ടുളള ക്ലോസ് സര്‍ക്യൂട്ട് റ്റി.വി ക്യാമറകളുടെയും ഓഡിറ്റിംഗ് നടത്താന്‍ പൊലീസ് തീരുമാനിച്ചു.  

സിസിടിവികളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്ന് പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്‍റെ നിയന്ത്രണത്തിലുളള സി.സി.ടി.വി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതം എങ്കില്‍ അതിനുളള കാരണം എന്നിവ ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതത് പൊലീസ് സ്റ്റേഷന്‍ അധികൃതരും ശേഖരിച്ച് സൂക്ഷിക്കും. പൊലീസ് കണ്‍ട്രോള്‍ റൂമിലും പോലീസ് സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുളള സി.സി.റ്റി.വി ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
    
കൂടാതെ പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സി.സി.റ്റി.വി ക്യാമറകളുടെ വിവരങ്ങള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കും. പൊലീസിന്‍റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാകാന്‍ നടപടി സ്വീകരിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളില്‍ കേടായത് നന്നാക്കാന്‍ അതത് വകുപ്പുകളോട് അഭ്യര്‍ത്ഥിക്കുമെന്നും ഡിജിപി അറിയിച്ചു.

Read More : ഷാരോണ്‍ കൊലപാതകം: പ്രതി ​ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

ലഹരിവിരുദ്ധ ബോധവത്ക്കരണവുമായി ജനമൈത്രി പൊലീസിന്‍റെ മള്‍ട്ടി മീഡിയ മെഗാ ഷോ ചൊവ്വാഴ്ച തിരുവനന്തപുരത്ത്
 
അതേസമയം ലഹരിക്കെതിരെ ജനമൈത്രി പൊലീസ് സംഘടിപ്പിക്കുന്ന മള്‍ട്ടി മീഡിയ മെഗാ ഷോ ചൊവ്വാഴ്ച തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ അരങ്ങേറും. ഗാന്ധിപാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 നാണ് പരിപാടി. ഗാനങ്ങളും ചെറുനാടകങ്ങളും നാടന്‍പാട്ടുകളും കോര്‍ത്തിണക്കിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്‍റെ ലഹരിവിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്‍റെ ഭാഗമായാണ് പരിപാടി. 

ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഡി.ഐ.ജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ ബഷീര്‍ മണക്കാട് എഴുതി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത മെഗാ ഷോയില്‍ പൊലീസ് കലാകാരന്‍മാര്‍ അരങ്ങിലെത്തും. കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നിന്‍റെ ഉപയോഗവും വിതരണവും വ്യാപനവും തടയുന്നതിനായി സംസ്ഥാനത്തൊട്ടാകെ പൊലീസ്  നടപ്പിലാക്കിയ പദ്ധതിയാണ് യോദ്ധാവ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ