
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് (anil kant). പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി നിർദേശിച്ചു. പൊലീസിനെതിരെ കടുത്ത വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ഉന്നതതല യോഗത്തില്‍ ഡിജിപിയുടെ വിശദമായ മാർഗ്ഗനിർദേശം നൽകിയത്. സമീപകാലത്ത് കേരള പൊലീസുമായി ബന്ധപ്പെട്ടുണ്ടായ നിരവധി വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന പൊലീസ് മേധാവി എസ്.പി റാങ്ക് മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടിയത്. രാവിലെ തുടങ്ങിയ യോഗം ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്.
നേരത്തെ മോൻസൻ മാവുങ്കൽ കേസിലും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ വിദ്യാർത്ഥിനിയോട് മോശമായ പെരുമാറിയ സംഭവത്തിലും പൊലീസിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. ആലുവയില്‍ നവവധു മൊഫിയുടെയും കൊച്ചയിലെ വീട്ടമ്മ സിന്ധുവിൻെറയും ആത്മഹത്യ കേസിൽ പൊലീസ് പരാതി അവഗണിച്ചതും വിവാദമായിരുന്നു. കോടതി നിർദ്ദേശ പ്രകാരം പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഡിജിപി സർക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആരോപണങ്ങൾ തുടരുന്ന നിലയായിരുന്നു.
പൊലീസിനെതിരെ നിരന്തരമായി ആക്ഷേപങ്ങള്‍ ഉയർന്നപ്പോള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥയോഗം വിളിച്ചിരുന്നു. വീഴ്ചകള്‍ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും പൊലീസിനെതിരെ ഉയരുന്നത് വ്യാപക പരാതികളാണ്. സിപിഎം സമ്മേളനങ്ങളിലടക്കം ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിൽ നിൽക്കെയാണ് ഡിജിപി യോഗം വിളിച്ചത്. രണ്ടു വർഷത്തിന് ശേഷമാണ് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്.
ക്രമസമാധാന ചുമതലയുളള എസ്പിമാർ മുതലുള്ള മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. ഓരോ ജില്ലയിലെയും ക്രമസമാധാന ചുമതല സംബന്ധിച്ച് എസ്പിമാർ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിദ്ദേശങ്ങള്‍ സമർപ്പിക്കാനും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. പോക്സോ- സ്ത്രീ സുരക്ഷ കേസുകള്‍ പ്രത്യേകം ചർച്ച ചെയ്യും. യോഗ തീരുമനുസരിച്ച് പുതിയ നിർദ്ദേശങ്ങള്‍ ഡിജിപി ഇറക്കും. അനിൽകാന്ത് പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ഉദ്യോഗസ്ഥ യോഗം നേരിട്ട് വിളിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam