
തൃശ്ശൂര്‍: 200 കോടിയിലേറെ രൂപയുടെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ജോയ് ഡി പാണഞ്ചേരിയെ സ്ഥാപനത്തിലെത്തിച്ച് ജില്ലാ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കേസിൽ കൂട്ടുപ്രതികളായ ഭാര്യക്കും മക്കള്‍ക്കുമായുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു. പത്തുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ ജോയ് ഡി. പാണഞ്ചേരിയുമായി പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ ബാങ്കേഴ്സ് ഹെഡ് ഓഫീസിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്.
200 കോടിയിലെറെ രൂപയുടെ തട്ടിപ്പ് നടന്നെങ്കിലും മുപ്പത് കോടി രൂപ നഷ്ടപ്പെട്ടെന്ന പരാതി മാത്രമാണ് ഇതു വരെയെത്തിയത്. ബാക്കി രേഖകളിലില്ലാതെ ഇടപാട് നടത്തിയതാകാമെന്ന സംശയം ശരിവയ്ക്കുന്നതായിരുന്നു സ്ഥാപനത്തിലെ പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍. ഇടപാടുകളില്‍ പലതും ഇത്തരം നോട്ടുബുക്കില്‍ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. മറ്റ് രേഖകളൊന്നുമില്ലെന്നാണ് ജോയ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
ഇടപാടുകള്‍ സംബന്ധിച്ച നോട്ടുപുസ്തകങ്ങളും പറ്റു രേഖകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളും നോട്ടെണ്ണുന്ന മിഷീനുകളും അന്വേഷണ സംഘം ഓഫീസില്‍ നിന്നും കണ്ടെത്തി. വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരും. അതിനിടെ ജോയിയുടെ വ്യാപാര പങ്കാളികളായ ഭാര്യ, മക്കള്‍, മരുമക്കള്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. ഭാര്യ കൊച്ചുറാണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.