
ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്ഐടി കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 6 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എസ്ഐടി വാദം പരിഗണിച്ചാണ് നടപടി.
അതേ സമയം ധർമസ്ഥല വെളിപ്പെടുത്തലിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന എന്ന സംശയത്തിലാണ് എസ്ഐടി. ചിന്നയ്യയുടെത് ഉൾപ്പെടെ എസ്ഐടി സംഘം പിടിച്ചെടുത്ത 6 ഫോണുകളിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. സുജാത ഭട്ടിനെ രണ്ട് ദിവസം എസ്ഐടി സംഘം ചോദ്യം ചെയ്തിരുന്നു. ചിന്നയ്യക്ക് അഭയ സ്ഥാനമൊരുക്കിയ മഹേഷ് ഷെട്ടി തിമരോടിയുടേയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം 6 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.
ഇതിൽ ചിന്നയ്യയുടെ ഫോണും ഉൾപ്പെട്ടിരുന്നു. ഈ ഫോണുകളിൽ നിന്ന് കണ്ടെത്തിയ വിഡിയോകളിൽ വെളിപ്പെടുത്തലിന് പിന്നിലെ ആസൂത്രണത്തെ കുറിച്ച് സൂചനകൾ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഫോണിലേക്ക് ചിന്നയ്യയെ വിളിച്ചതാരൊക്കെ, ചിന്നയ്യ വിളിച്ചതാരൊയൊക്കെ എന്നീ കാര്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിന്നയ്യയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു എസ്ഐടി, മഹേഷ് തിമരോടിയുടേയും സഹോദരന്റെയും വീട്ടിൽ ചിന്നയ്യയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പരിശോധനയും തെളിവെടുപ്പും പുലർച്ചെ വരെ നീണ്ടു. ഇതിനിടെ മകളെ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി പൊലീസിനും മാധ്യമങ്ങൾക്കും മുന്നിലെത്തിയ സുജാത ഭട്ടിനെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു പ്രത്യേക അന്വേഷണ സംഘം.
ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് അനന്യ ഭട്ട് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പിന്നിലെന്ന തുറന്നുപറച്ചിലും വിശദമായി അന്വേഷിക്കുന്നുണ്ട്. വ്യാജ വെളിപ്പെടുത്തലിൽ ചിന്നയ്യയെ അറസ്റ്റ് ചെയ്തെങ്കിലും കൂടുതൽ അറസ്റ്റുകളിലേക്ക് എസ്ഐടി കടന്നിട്ടില്ല. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് അന്വേഷണ സംഘം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam