
കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ആറ് മാസം പ്രായമായ ധ്രുവാന്റെ ചികിത്സക്ക് കൂത്താട്ടുകുളം സ്വദേശിയായ ദമ്പതികൾക്ക് ഇനി വേണ്ടത് ഒരു കോടി രൂപ. ധ്രുവാന്റെ അവസ്ഥയറിഞ്ഞ് നല്ല മനസ്സുകൾ സഹായിച്ചപ്പോൾ 15 കോടി രൂപ കണ്ടെത്താനായി. എന്നാൽ ഇതേ രോഗബാധിതയായ മറ്റൊരു കുഞ്ഞിനായി മുഴുവൻ പണവും കണ്ടെത്തിയതിന് പിന്നാലെ ഉണ്ടായ ആശയക്കുഴപ്പം ധ്രുവാനുള്ള സഹായത്തെയും അവസാനഘട്ടത്തിൽ ബാധിച്ചു.
പേശികൾക്ക് ബലം കുറഞ്ഞ് ചലനശേഷി നഷ്ടപ്പെടുന്ന രോഗം ഒരു മാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് കണ്ടെത്തുന്നത്. ആറ് മാസമായി കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശികളായ അനന്തു അശോകും ഭാര്യ അശ്വതിയും മകന്റെ ചികിത്സക്കായുള്ള പണത്തിനായി നെട്ടോട്ടമോടുകയാണ്. നാട്ടുകാർ ചേർത്ത് നിർത്തി സഹായനിധി രൂപീകരിച്ചു. മരുന്നിനായി വേണ്ട 16 കോടി രൂപയിൽ പകുതിയിലധികം കഴിഞ്ഞ ദിവസത്തിനുള്ളിൽ കണ്ടെത്തി. ഇതിനിടെ കൂത്താട്ടുകുളത്തിന് അടുത്ത് മൂവാറ്റുപുഴയിലെ ആറ് മാസം പ്രായമുള്ള എസ്എംഎ ബാധിതയായ മിയ മരിയക്ക് വേണ്ടിയും ലോകമലയാളികൾ ഒന്നിച്ചു.
മിയയ്ക്കൊപ്പം ധ്രുവാനെയും കരുതണമെന്ന പ്രചാരണങ്ങളും സജീവമായി. മിയയ്ക്ക് മരുന്നിനായി വേണ്ട മുഴുവൻ തുകയും കിട്ടി. എന്നാൽ ഇതിനിടെ ധ്രുവാനും വേണ്ട മുഴുവൻ പണവും കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇത് ധ്രുവാന് മരുന്നിനായുള്ള അവസാനഘട്ട ധനസമാഹരണത്തെ കാര്യമായി ബാധിച്ചു. ഇനി വേണ്ടത് ഒരു കോടി രൂപയാണ്. നല്ല മനസ്സുകൾ മകനായുള്ള കരുതൽ അവസാനിപ്പിക്കരുതെന്ന പ്രാർത്ഥനയാണ് ധ്രുവാന്റെ കുടുംബത്തിന്.
എസ് എം എ ടൈപ്പ് 1 രോഗാവസ്ഥയാണ് ധ്രുവാന്. എത്രയും വേഗം മരുന്ന് നൽകുന്നുവോ അത്രയും എളുപ്പത്തിലും വേഗത്തിലും ധ്രുവാനെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താം.രോഗം കണ്ടെത്തിയ ഒന്നാം മാസം മുതൽ ലക്ഷങ്ങൾ ചിലവാക്കിയിരുന്നു കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശികളായ അനന്തു അശോകും ഭാര്യ അശ്വതിയും. എന്നാൽ ജീൻ തെറാപ്പിയല്ലാതെ മറ്റ് വഴിയില്ലെന്നാണ് കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചത്. ഇതിനായി മരുന്ന് വിദേശത്ത് നിന്ന് എത്തിക്കാൻ 16 കോടി രൂപ വേണം. ധ്രുവാനൊന്ന് ചിരിച്ച് നടക്കാൻ തുടങ്ങാൻ തുടങ്ങണം. അനന്തുവിന്റെയും അശ്വതിയുടെയും ഈ ആഗ്രഹം സഫലമാക്കാൻ നാട് കൈപിടിക്കുമെന്ന പ്രതീക്ഷയാണ് ഈ അച്ഛനും അമ്മയും.
ധ്രുവാന് സഹായമെത്തിക്കാനുള്ള അക്കൗണ്ട് വിവരങ്ങൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam