
കൊച്ചി: കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ പ്രതീക്ഷ നൽകി മന്ത്രിയുമായി പത്തിന് കൂടിക്കാഴ്ച. കേരളത്തിൽ വൻ തോതിൽ ജീവനക്കാരെ കൂട്ടപ്പിരിച്ചുവിട്ട യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി പ്രതിനിധികളുമായി തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ ഈ മാസം 10 നാണ് എറണാകുളത്ത് വെച്ച് ചർച്ച നടത്തുക. കൊച്ചിയിലും കോഴിക്കോടുമായി 900 ജീവനക്കാരാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന ചർച്ചയ്ക്ക് കമ്പനി പ്രതിനിധികളെ എത്തുമെന്നാണ് വിവരം.
നേരത്തെ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയും തൃക്കാക്കര എംഎൽഎ ഉമ തോമസ് ഉൾപ്പെടെയുള്ളവരും നടത്തിയ മുൻ ചർച്ചയിൽ പിരിച്ചുവിടൽ മരവിപ്പിക്കാൻ തീരുമാനമുണ്ടായിരുന്നു. തിങ്കളാഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടുതൽ ചർച്ച നടത്താമെന്നായിരുന്നു ധാരണ. എന്നാൽ ഈ ധാരണകൾക്ക് വിരുദ്ധമായി കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കോമ്പൻസേഷൻ തുക നിക്ഷേപിക്കുകയാണുണ്ടായത്.
കമ്പനിയുടേത് ധിക്കാരപരമായ സമീപനമാണെന്നും, നിയമ പരിധിക്കുള്ളിൽ നിന്ന് വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. ഉത്തരേന്ത്യയിലുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് എത്താനുള്ള സമയം കണക്കാക്കിയാണ് തിങ്കളാഴ്ച ചർച്ച നിശ്ചയിച്ചത്. പുതിയ ലേബർ കോഡും, കരാറിലെ വ്യവസ്ഥകളുമാണ് പിരിച്ചുവിടലിനെ ന്യായീകരിക്കാൻ കമ്പനി ഉപയോഗിക്കുന്നത്. മുന്നൂറിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനിയിൽ പിരിച്ചുവിടൽ നടപ്പാക്കുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥ കമ്പനി പാലിച്ചിട്ടില്ല. അതിനിടെ പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam