
കണ്ണൂര്‍: സർക്കാർ ഏറ്റെടുത്തിട്ടും ഡയാലിസിസ് രോഗികളുടെ ദുരിതത്തിന് പരിഹാരമില്ലാതെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി. ആകെയുള്ള 28 ഡയാളിസിസ് യന്ത്രങ്ങളിൽ പകുതിയോളം യന്ത്രങ്ങളുടെ പ്രവർത്തനം നിലച്ചിട്ട് മൂന്ന് മാസം കഴിഞ്ഞു. ഡയാലിസിസിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിലാണ് നിർധനരായ രോഗികൾ.
ദിവസവും നൂറിലധികം രോഗികളാണ് ഡയാലിസിസിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. എൻഡോസൾഫാൻ ഇരകളുൾപ്പെടെ മഞ്ചേശ്വരം മുതൽ തലശ്ശേരി വരെയുള്ള രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണ് ഇവിടത്തെ ഡയാലിസിസ് യൂണിറ്റ്. ആകെയുള്ള 28 യന്ത്രങ്ങളിൽ പന്ത്രണ്ടെണ്ണവും കാലാവധി കഴിഞ്ഞ് തകരാറിലായി.
തകരാറിലായവയ്ക്ക് പകരം യന്ത്രങ്ങൾ എത്തിച്ചാൽ പോലും രോഗികളുടെ എണ്ണമനുസരിച്ച് തികയില്ല. നിലവിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളിൽ കൂടുതലും കാലാവധി കഴിയാറായവയാണ്. പുതിയ യന്ത്രങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam