റോഡുകൾ നന്നാക്കാൻ ജലവകുപ്പ് പണം കൈമാറി; നിരാഹാര സമരത്തിൽ നിന്ന് എം സ്വരാജ് പിന്മാറി

By Web TeamFirst Published Jul 9, 2019, 7:01 AM IST
Highlights

മരട് നഗരസഭയിൽ കുടിവെള്ള പൈപ്പിനായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാൻ ജലവകുപ്പ് പണം കൈമാറാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്.

കൊച്ചി: സർക്കാർ ചുവപ്പ് നാടയ്ക്കെതിരെ നിരാഹാരം സമരം പ്രഖ്യാപിച്ച ഭരണകക്ഷി എംഎൽഎ എം സ്വരാജ് സമരത്തിൽ നിന്ന് പിന്മാറി. മരട് നഗരസഭയിൽ കുടിവെള്ള പൈപ്പിനായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാൻ ജലവകുപ്പ് പണം കൈമാറാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. എന്നാൽ, ജലവിഭവ വകുപ്പ് മന്ത്രി ഇടപെട്ട് തുക കൈമാറിയ സാഹചര്യത്തിലാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സ്വരാജ് വിശദീകരിച്ചു.

സർക്കാർ പദ്ധതികൾ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സിപിഎം എംഎൽഎ എം സ്വരാജ് തലസ്ഥാനത്ത് നിരാഹാര സമരം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ പല പ്രധാന റോഡുകളും കുത്തി പൊളിച്ച് കുടിവെള്ള പൈപ്പിട്ടതിന് ശേഷം, അവ പൂർവ്വ സ്ഥിതിയിലാക്കുന്നതിൽ ജലവകുപ്പ് കാണിച്ച അലംഭാവമായിരുന്നു എംഎൽഎയെ  ചൊടിപ്പിച്ചത്. റോഡ് നന്നാക്കാൻ മരട് നഗരസഭയ്ക്ക് പണം കൈമാറേണ്ട ജലവകുപ്പ് പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു. 

തുടർന്ന് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയം പരിഹരിക്കാത്ത പക്ഷം ഈ മാസം പത്ത് മുതൽ തിരുവനന്തപുരത്തെ ജലവകുപ്പിന്‍റെ ആസ്ഥാനത്ത് നിരാഹാര സമരം ഇരിക്കാനായിരുന്നു തീരുമാനം. തുടർന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി ഇടപെട്ട് ജലവകുപ്പ് രണ്ട് കോടി അഞ്ച് ലക്ഷം രൂപ നഗരസഭയ്ക്ക് കൈമാറിയതായി സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് സമരത്തിൽ നിന്ന് പിന്മാറുന്നത്.

click me!