
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട, മുന്‍ മന്ത്രി കെ ടി ജലീലിനെ (KT jaleel) പരിഹസിച്ച് മുസ്ലീം ലീഗ് (muslim league) സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം (pma salam). രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന പഴയ വാക്ക് ജലീൽ മറന്നിട്ടുണ്ടാകില്ലെന്ന് കരുതുന്നുവെന്ന് പി എം എ സലാം പറഞ്ഞു. സുപ്രീം കോടതി ( supreme court) രാജ്യത്തെ ഏറ്റവും വലിയ നിയമ സംവിധാനമാണ്. സുപ്രിം കോടതിക്ക് അപ്പുറത്തേക്ക് ഇനി മറ്റൊരു വിധിയും വരാനില്ല. ജലീൽ പൊതുപ്രവർത്തനം അവസാനിപ്പിക്കണം എന്ന് ലീഗ് ആവശ്യപ്പെടുന്നില്ല. പക്ഷേ വാക്ക് ജലീൽ മറന്നിട്ടില്ലെന്നാണ് കരുതുന്നതെന്നും പി എം എ സലാം കൂട്ടിച്ചേർത്തു.
ബന്ധുനിയമന വിവാദത്തില്‍ കെ ടി ജലീലിന് തിരിച്ചടിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. തന്റെ
രാജിയിലേക്ക് നയിച്ച ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി നടപടിയേയും ചോദ്യം ചെയ്ത് ജലീല്‍ ഉന്നയിച്ച് വാദങ്ങള്‍ സുപ്രീംകോടതി തള്ളി. ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് സ്വജനപക്ഷപാതമെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയുള്ളതാണെന്ന് ജലീല്‍ വാദിച്ചു.
സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു, മുന്‍പും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ അപേക്ഷ ക്ഷണിക്കാതെ ജനറല്‍ മാനേജര്‍മാരെ നിയമിച്ചിട്ടുള്ളതിനാല്‍ അദീബിന്‍റെ നിയമനത്തില്‍ സ്വജനപക്ഷപാതമില്ല, ലീഗ് പ്രവര്‍ത്തകര്‍ക്കനുവദിച്ച ലോണ്‍ തിരിച്ചടക്കാത്തതില്‍ കെ ടി അദീബ് നടപടി സ്വീകരിച്ചെന്നും ഇതാണ് പരാതിക്കിടയാക്കിയ പ്രകോപനമെന്നും ജലീല്‍ വാദിച്ചു.
എന്നാല്‍ വാദങ്ങള്‍ തള്ളിയ കോടതി അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധുനിയമനം സ്വജനപക്ഷ പാതം തന്നെയാണെന്ന് നിരീക്ഷിച്ചു. അത് ഭരണഘടന വിരുദ്ധവുമാണെന്ന് വ്യക്തമാക്കി . ബന്ധു നിയമനത്തിനായി യോഗ്യത മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ലോകായുക്ത വിധിയില്‍ ഇടപെടാനിവില്ലെന്നും കോടതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam