കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞത് തെറ്റ്; കേന്ദ്രസഹായം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Aug 14, 2019, 2:39 PM IST
Highlights

എനിക്ക് ഇംഗ്ലീഷില്‍ അത്ര പരിജ്ഞാനമില്ല, എങ്കിലും ഇംഗ്ലീഷിലാണ് ഹിന്ദി മനസ്സിലാവില്ലെന്ന് പറഞ്ഞത്. പിന്നീട് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് തന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് സംസാരിച്ചത്.ഇതില്‍ കേന്ദ്രമന്ത്രി മുരളീധരന് തെറ്റിദ്ധാരണയുണ്ടായത് എങ്ങനെയാണെന്ന് അറിയില്ല

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ സഹായം നിഷേധിച്ചെന്ന വി മുരളീധരന്‍റെ പ്രസ്താവന തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചുവെന്നത് ശരിയാണ്. പക്ഷേ അദ്ദേഹം പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. ഹിന്ദിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി എന്ന് മാത്രമാണ് തങ്ങള്‍ സംസാരിച്ചത്. 

അതിന് ശേഷം ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. എനിക്ക് ഇംഗ്ലീഷില്‍ അത്ര പരിജ്ഞാനമില്ല, എങ്കിലും ഇംഗ്ലീഷിലാണ് ഹിന്ദി മനസ്സിലാവില്ലെന്ന് പറഞ്ഞത്. പിന്നീട് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് തന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് സംസാരിച്ചത്.ഇതില്‍ കേന്ദ്രമന്ത്രി മുരളീധരന് തെറ്റിദ്ധാരണയുണ്ടായത് എങ്ങനെയാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസഹായം താന്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്രത്തില്‍ നിന്ന് നല്ല രീതിയില്‍ സഹായം കിട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

കഴിഞ്ഞതവണ പ്രളയസഹായമായി അനുവദിച്ച തുകയില്‍ 1400 കോടി രൂപ കേരളത്തിന്‍റെ പക്കൽ ബാക്കിയുണ്ടെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞതവണ 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സര്‍ക്കാരിന്‍റെ കയ്യിലുണ്ട്. സംസ്ഥാനം കൂടുതല്‍ സാമ്പത്തിക  സഹായത്തിന് അപേക്ഷിച്ചിട്ടില്ല, കഴിഞ്ഞ തവണ അനുവദിച്ച തുകയുടെ മിച്ചം സര്‍ക്കാരിന്‍റെ കയ്യിലുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്നം കേരളത്തിന്‌ ഇല്ലെന്നുമായിരുന്നു മുരളീധരന്‍ വ്യക്തമാക്കിയത്.

click me!