
ദില്ലി: സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ എഐസിസി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം. തരൂരിന്‍റെ തേരോട്ടത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് നേതാക്കള്‍ വിമര്‍ശനം കടുപ്പിക്കുമ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് ശശി തരൂരും. ജനം തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും, ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി കുപ്പായം തയ്യാറാക്കി വച്ചിട്ടില്ലെന്ന് ശശി തരൂര്‍ തിരിച്ചടിച്ചു. സംസ്ഥാന നേതാക്കളുടെ വിമര്‍ശനത്തോട് തിരിച്ചടിച്ച തരൂര്‍ തുടര്‍ന്നും കേരളത്തില്‍ പരിപാടികളില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി.
എഐസിസി നേതൃത്വവും, സംസ്ഥാന ഘടകവും അതൃപ്തി പരസ്യമാക്കിയിട്ടും ശശി തരൂര്‍ പിന്നോട്ടില്ല. തരൂരിന് എങ്ങനെ കടിഞ്ഞാണ്‍ ഇടുമെന്നതില്‍ ഇരുകൂട്ടര്‍ക്കും വ്യക്തതയില്ല. കടുത്ത നിലപാടിലേക്ക് കടന്നാല്‍ ജനവികാരം എതിരാകുമെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സ്ഥിതി ഇത്രത്തോളം വഷളായിട്ടും ഒരു വിശദീകരണം പോലും തരൂരിനോട് തേടാന്‍ മടിക്കുന്നതും അതുകൊണ്ടാണ്. ജനവികാരത്തെയും, ലീഗ് അടക്കമുള്ള ഘടകകക്ഷികളേയും, സമുദായ നേതൃത്വങ്ങളെയും ഭയന്ന് രേഖാമൂലം പരാതി നല്‍കാന്‍ സംസ്ഥാന നേതാക്കള്‍ക്കും ധൈര്യമില്ല. വാക്കാല്‍ പലരും പറഞ്ഞ പരാതിയിലെ വികാരം തരൂരിനെ അറിയിക്കാനാണ് എഐസിസി നീക്കം.
Also Read: 'മുഖ്യമന്ത്രിയാകുന്നവർക്ക് പ്രത്യേക കുപ്പായം ഉണ്ടോ'? ചെന്നിത്തലയെ പരിഹസിച്ച് കെ മുരളീധരന്‍
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച തരൂര്‍ പ്രവര്‍ത്തക സമിതി ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പുതിയ സമിതി നിലവില്‍ വരുമ്പോള്‍ അതിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്നാണ് തരൂരിന്‍റെ പ്രതീക്ഷ. എന്നാല്‍, ദേശീയ സംസ്ഥാന നേതൃത്വങ്ങളെ ഇതുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരൂരിനെ പരിഗണിക്കുന്നതില്‍ എഐസിസിയില്‍ ഏകാഭിപ്രായമില്ല. ഭാരത് ജോഡോ യാത്രക്ക് ശേഷം തരൂര്‍ വിഷയത്തില്‍ ചര്‍ച്ചയെന്നാണ് നിലവിലെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam