ഇരുകൈകളുമില്ല, ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി പ്രണവ്; അഭിനന്ദിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Nov 12, 2019, 11:28 AM IST
Highlights

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പാലക്കാട് സ്വദേശിയായ പ്രണവ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 

തിരുവനന്തപുരം: ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ എത്തിയ ഇരുകൈകളും ഇല്ലാത്ത ചിത്രകാരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പാലക്കാട് സ്വദേശിയായ പ്രണവ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മുഖ്യമന്ത്രിക്കൊപ്പം പ്രണവ് കാല്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്ന ചിത്രമടക്കമാണ് പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കൻ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ ഡി പ്രസേനൻ എം എൽ എയും കൂടെയുണ്ടായി.

സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂർവം യാത്രയാക്കിയത്.



പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പ്രണവ് സന്ദര്‍ശിച്ചു. ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ പോസിറ്റീവ്‌ ആയി കൈകാര്യം ചെയ്യാം എന്നതിന്റെ വർത്തമാനകാല റോൾ മോഡൽ ആണ്‌ പ്രണവെന്നാണ് സന്ദര്‍ശനത്തേക്കുറിച്ച് ചെന്നിത്തല വിശദമാക്കുന്നത്. 

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


ലോകത്ത്‌ ആദ്യമായി ഹൃദയ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ക്രിസ്ത്യൻ ബർനാഡിന്റെ ഒരു അനുഭവം ഉണ്ട്‌. ആശുപത്രി ദിനചര്യയുടെ ഭാഗമായി അദ്ദേഹം വാർഡിലൂടെ റൗണ്ട്സ്‌ എടുക്കുകയാണ്‌. ചെറുതും വലുതുമായ രോഗങ്ങൾക്ക്‌ ചികിത്സ തേടുന്നവർ വാർഡിലുണ്ട്‌. രോഗികളിൽ പലരും നിരാശരാണ്‌, തങ്ങൾക്ക്‌ ഇങ്ങനെ ഒരു ഗതി വന്നല്ലോ എന്നാണ്‌ പലരുടേയും ചിന്ത. ആകെ ഒരു ഡിപ്രസ്ഡ്‌ അന്തരീക്ഷം. പെട്ടന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ, ആ വാർഡിൽ കലപില കൂട്ടിക്കൊണ്ടിരുന്ന രണ്ട്‌ കുട്ടികളിലേക്ക്‌ പോയി. അവർ ഓടി നടക്കുന്നു, കളിക്കുന്നു, ബഹളം വെയ്ക്കുന്നു. അടുത്ത്‌ ചെന്നപ്പോൾ ഒരു ആക്സിഡന്റിൽ പെട്ട രണ്ട്‌ കുട്ടികളാണ്‌.

ഒരാളുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായി പോയി. മറ്റേയാളുടെ ഒരു കൈ മുറിച്ച്‌ കളയണ്ടി വന്നു. ആ വാർഡിൽ കിടക്കുന്നവരിൽ ഏറ്റവും നഷ്ടം സംഭവിച്ച ഇവർ എന്താണ്‌ ഇങ്ങനെ കളിച്ച്‌ ചിരിച്ച്‌ നടക്കുന്നത്‌ എന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. അവരോട്‌ തന്നെ അത്‌ ചോദിച്ചപ്പോൾ, എന്റെ ഒരു കണ്ണ്‌ നഷ്ടപ്പെട്ടപ്പോൾ ആണ്‌ എന്റെ മറ്റേ കണ്ണിന്റെ വില മനസ്സിലായത്‌ എന്ന് ഒരു കുട്ടി. എന്റെ ഒരു കൈ നഷ്ടപ്പെട്ടപ്പോൾ ആണ്‌ എന്റെ അടുത്ത കൈയുടെ വില മനസ്സിലായത്‌ എന്ന് മറ്റേയാൾ. അത്‌ മാത്രമല്ല, കാലിന്റെയും, കാതിന്റെയും, മൂക്കിന്റെയും എല്ലാം വില ഞങ്ങൾക്ക്‌ ഇപ്പോൾ മനസ്സിലായി എന്നവർ. അത്‌ കൊണ്ട്‌ ഞങ്ങൾ ഇത്‌ ആഘോഷമാക്കുന്നു. തന്റെ ജീവിത കാഴ്ചപ്പാടിനെ മാറ്റിമറിച്ച ഈ സംഭവത്തെ കുറിച്ച്‌ അദ്ദേഹം 'Living is the celebration of being alive' എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ അദ്ദേഹം കുറിച്ചു, "നമ്മൾ ഒക്കെ ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ തന്നെ അസ്വസ്ഥരാകുകയും, പരിഭവിക്കുകയും ചെയ്യുന്നു. എന്നാൽ ഈ കുട്ടികൾ എന്റെ കണ്ണ്‌ തുറപ്പിച്ചു. പരാതിപെടാൻ എനിക്ക്‌ ഇനി മുതൽ ഒരവകാശവും ഇല്ല".

ഇന്ന് ഇത്‌ പോലെ ഒരനുഭവം ആയിരുന്നു ആലത്തൂരിൽ നിന്നുള്ള പ്രണവിനെ കണ്ടപ്പോൾ. രണ്ട്‌ കൈകൾ ഇല്ലാത്ത പ്രണവ്‌ ഒരു ചിത്രകാരനാണ്‌. കാലുകൾ കൊണ്ടാണ്‌ വരക്കുന്നത്‌. അത്‌ മാത്രമല്ല നമ്മൾ കൈകൊണ്ട്‌ ചെയ്യുന്നത്‌ ഒക്കെ പ്രണവ്‌ കാല്‌ കൊണ്ട്‌ ചെയ്യും, മൊബൈലിൽ ടൈപ്‌ ചെയ്യുന്നത്‌ മുതൽ സെൽഫി എടുക്കുന്നത്‌ വരെ. ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ പോസിറ്റീവ്‌ ആയി കൈകാര്യം ചെയ്യാം എന്നതിന്റെ വർത്തമാനകാല റോൾ മോഡൽ ആണ്‌ പ്രണവ്‌. ആ നിശ്ചയദാർഡ്യം നമുക്ക്‌ എല്ലാവർക്കും പ്രചോദനമാണ്‌.

click me!