ലൈംഗികമായി അധിക്ഷേപിച്ചിട്ടില്ല; മകളുടെ പരാതി വ്യാജമെന്ന് അച്ഛൻ, ഐജിയെ സമീപിച്ചു

By Web TeamFirst Published Jan 16, 2021, 10:26 AM IST
Highlights

ഇന്നലെയാണ് കൊല്ലം സ്വദേശി ഐജിക്ക് പരാതി നൽകിയത്. മകൾക്കെതിരെ അശ്ലീല വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചുവെന്നും ലൈംഗികമായി അധിക്ഷേപിച്ചുവെന്നുമാണ് കേസ്

തിരുവനന്തപുരം: കടക്കാവൂർ പോക്സോ കേസ് വൻ വിവാദമായിരിക്കെ സമാന ആരോപണവുമായി വേറെയും പരാതിക്കാർ രംഗത്ത്. മകളെ ഉപയോഗിച്ച് പോക്സോ കേസിൽ കുടുക്കിയെന്ന് കൊല്ലം സ്വദേശി ഐ.ജി ഹർഷിത അത്തല്ലൂരിക്ക് പരാതി നൽകി. അഭിഭാഷകൻ ഇടപെട്ട് ഗൂഢാലോചന നടത്തിയെന്നും, പുനരന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇന്നലെയാണ് കൊല്ലം സ്വദേശി ഐജിക്ക് പരാതി നൽകിയത്. മകൾക്കെതിരെ അശ്ലീല വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചുവെന്നും ലൈംഗികമായി അധിക്ഷേപിച്ചുവെന്നുമാണ് കേസ്.

എട്ടാം ക്ലാസിൽ പഠിക്കുന്ന മകളാണ് 2017ൽ അച്ഛനെതിരെ പരാതി നൽകിയത്. പ്രതിയായ ആളും ഭാര്യയും തമ്മിൽ കേസ് നിലനിന്നിരുന്നു. 2014 ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തിയതാണ്. തനിക്കെതിരെ മകൾ നൽകിയ പരാതി വ്യാജമാണെന്നാണ് ഐജിക്ക് നൽകിയ പരാതിയിൽ അച്ഛൻ പറയുന്നത്.

മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കടയ്ക്കാവൂരിലെ യുവതിക്കെതിരായ പരാതി. ഈ സംഭവത്തിൽ ഭർത്താവിന്റെ രണ്ടാം വിവാഹത്തെ എതിർത്തതോടെയാണ് പോക്സോ പരാതി ഉയർന്നതെന്ന അമ്മയുടെ കുടുംബത്തിന്റെ വാദം ശക്തമാക്കി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു.  യുവതിയുടെ ഭർത്താവിന് രണ്ടാം വിവാഹത്തിന് അനുമതി നൽകിയിട്ടില്ലെന്ന് മഹല്ല് ജമാഅത്ത് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയായിരുന്നു രണ്ടാം വിവാഹമെന്ന് ഭർത്താവും സമ്മതിക്കുന്നു.

വിവാഹബന്ധം വേർപെടുത്താതെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി  ബന്ധം സ്ഥാപിച്ചത് ചോദ്യം ചെയ്തതും പരാതി നൽകിയതുമാണ് യുവതിക്കെതിരായ പോക്സോ കേസിന് പിന്നിലെന്നാണ് കുടുംബത്തിന്റെ പരാതി. ഇത് ശരിവെക്കുന്നതാണ് ഇയാളുൾപ്പെട്ട മഹല്ല് ജമാഅത്തിന്റെ നിലപാട്.  രണ്ടാം വിവാഹത്തിന് അനുമതി തേടിയപ്പോൾ വിവാഹ മോചനം നേടാതെ അനുമതി നൽകാനാവില്ലെന്ന് ഇയാളോട് വ്യക്തമാക്കിയിരുന്നു. രണ്ടാം വിവാഹത്തിന് അനുമതി നൽകിയിട്ടുമില്ലെന്ന് കായൽവാരം നൂറുൽഹുദാ മുസ്ലിം ജമാ അത്ത് ഭാരവാഹി എംഎ ജബ്ബാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

രണ്ട് തവണ മൊഴി ചൊല്ലുക മാത്രമാണ് ചെയ്തതെന്നും, നിയമമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് വിവാഹം കഴിക്കേണ്ടി വന്നുവെന്നും ഭർത്താവും പറയുന്നു.   മഹല്ല് ഇടപെട്ടാണ് വിവാഹം നടത്തിയതെന്ന് താൻ അവകാശപ്പെട്ടിട്ടില്ലെന്നും നിക്കാഹ് കഴിക്കുകയാണ് ചെയ്തതെന്നുമാണ് ഇയാളുടെ വാദം. ഒരു വട്ടം മൊഴി ചൊല്ലിയ രേഖ മാത്രമാണ് മഹല്ലിന് ലഭിച്ചിരിക്കുന്നത്. നിക്കാഹായാലും മഹല്ലിന്റെ പങ്കാളിത്തമില്ലാതെ സാധുവാകില്ലെന്നും ഇതിനെ തള്ളി മഹല്ല് ജമാഅത്ത് വിശദീകരിക്കുന്നു. 

അതിനിടെ ഇരയായ കുട്ടിയെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കി.  പ്രാഥമിക വിവരങ്ങൾ തേടിയ ശേഷം തിരിച്ചയച്ചു. കുട്ടികളുടെ മനശാസ്ത്ര വിദഗ്ദനുൾപ്പെടുന്ന വിശാല മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം നൽകി. മെഡിക്കൽ ബോർഡ് കുട്ടിയുടെ മാനസിക - ശാരീരിക നില പരിശോധിച്ച് ആവശ്യമെങ്കിൽ കുട്ടിക്ക് തുടർ കൗൺസിലിങ് നൽകും. സംഭവത്തിൽ അമ്മയുടെ കുടുംബം നൽകിയ പരാതി ഐജി ഹർഷിത അത്തല്ലൂരിയാണ് അന്വേഷിക്കുന്നത്.

click me!