
കൊച്ചി: നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിൽ ഫൊറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹർജിയിലാണ് ദിലീപ് ഈ നിലപാട് എടുത്തത്.
മെമ്മറി കാർഡിന്റെ മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടോ എന്നറിയാൻ പറ്റും. വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസ്സിലാക്കാം എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു ഫോറൻസിക് ലാബിൽ പരിശോധിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ദിലീപിനോട് കോടതി ആരാഞ്ഞു. ഹർജിയിൽ നാളെയും വാദം തുടരും.
നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കേന്ദ്ര ലാബിലയച്ച് പരിശോധന നടത്തുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ലാബിലേക്ക് അയക്കാനുള്ള തീരുമാനം സംസ്ഥാന ലാബിന്‍റെ വിശ്വാസ്യത തകർക്കുമെന്നായിരുന്നു ആദ്യം പ്രോസിക്യൂഷൻ നിലപാട്.
കേസ് നേരത്തെ പരിഗണിച്ച ഹൈക്കോടതി സിംഗിൽ ബെഞ്ച് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ സംബന്ധിച്ച് ഫോറൻസിക് ലാബ് അസി.ഡയറക്ടർ ദീപയിൽ നിന്ന് ശാസ്ത്രീയ വിവരങ്ങൾ തേടിയിരുന്നു. റിപ്പോർട്ട് പ്രകാരം മെമ്മറി കാർഡിന്‍റെ മൊത്തം ഹാഷ് വാല്യു മാറിയതിനാൽ വിഡിയോ ആരോ കണ്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ കോടതിയെ അറിയിച്ചു.
എന്നാൽ വീഡിയോയുടെ ഹാഷ് വാല്യു മാറാത്തതിനാൽ ഇതാരും കോപ്പി ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. വാദത്തിനിടെ മെമ്മറി കാർഡ് സംബന്ധിച്ച കാര്യങ്ങൾ പ്രധാന കേസിനെ ബാധിക്കുന്ന സാഹചര്യമില്ലല്ലോ എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. പ്രോസിക്യൂഷൻ നീക്കം വിചാരണ വൈകിപ്പിക്കാനാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ആ നിലപാട് തുടർന്ന് കൊണ്ടാണ് ഫോറൻസിക് പരിശോധനയെ ദിലീപിൻ്റെ അഭിഭാഷകൻ ഇന്നും എതിർത്തത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി തള്ളി. കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വ൪ഷവു൦ പ്രോസിക്യൂഷന്‍റെ സമാന ആവശ്യ൦ വിചാരണ കോടതി തള്ളിയിരുന്നു.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റേത് ഉൾപ്പടെയുളള വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകാനിരിക്കെയാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.