Actress Attack Case : മൂന്ന് ദിവസം, 33 മണിക്കൂർ; ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഫോൺ ഹാജരാക്കാൻ നോട്ടീസ്

Web Desk   | Asianet News
Published : Jan 25, 2022, 08:21 PM ISTUpdated : Jan 25, 2022, 08:29 PM IST
Actress Attack Case : മൂന്ന് ദിവസം, 33 മണിക്കൂർ; ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഫോൺ ഹാജരാക്കാൻ നോട്ടീസ്

Synopsis

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കം അഞ്ചു പ്രതികളെ മൂന്നു  ദിവസം ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രോസിക്യൂഷൻ ഹാജരാക്കിയ ദിലീപിനെതിരായ തെളിവുകൾ ഗൗരവമുളളതെന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിൽ ഇടപെടരുതെന്ന ശക്തമായ താക്കീതും പ്രതികൾക്ക് നൽകിയിട്ടുണ്ട്.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault) അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ (Dileep) ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. 

ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിനു പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഫോൺ മാറ്റി. 
വധഭീഷണി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആണ് ഫോൺ മാറ്റിയത്. ദിലീപ്, അനുപ്, സൂരജ് അപ്പു എന്നിവർ ആണ് ഫോൺ മാറ്റിയതു. അഞ്ച് ഫോണുകൾ ആണ് മാറ്റിയത്. ദിലീപിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘത്തിന് കിട്ടിയത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാൻ ആണ് ഫോൺ ഒളിപ്പിച്ചതെന്നാണ് സംശയം. ചോദ്യം ചെയ്യലിന് ഇടയിലാണ് നോട്ടീസ് കൈമാറിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കം അഞ്ചു പ്രതികളെ മൂന്നു  ദിവസം ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രോസിക്യൂഷൻ ഹാജരാക്കിയ ദിലീപിനെതിരായ തെളിവുകൾ ഗൗരവമുളളതെന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിൽ ഇടപെടരുതെന്ന ശക്തമായ താക്കീതും പ്രതികൾക്ക് നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തോട് പൂർണമായി സഹകരിക്കാമെന്നും എവിടെവേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും പ്രതികൾ നിലപാടെടുത്തു. എന്നാൽ അഞ്ചുദിവസമെങ്കിലും ദിലീപടക്കമുളളവരുടെ കസ്റ്റഡിയിൽ വേണമെന്നും  അല്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പോയിട്ട് അർഥമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഒടുവിൽ ഞായർ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. 

രാവിലെ 9 മണി മുതൽ രാത്രി വരെ എട്ടുവരെ ചോദ്യം ചെയ്യാം. പ്രതികൾ അന്വേഷണത്തോട് പൂർണമായി സഹകരിക്കണം, കേസിൽ ഇടപെട്ടാൽ കടുത്ത നിലപാടെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 27 വരെ പ്രതികളുടെ അറസ്റ്റു കോടതി തടഞ്ഞു.  അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിയോട് ആവശ്യപ്പെട്ടു. 

27ന് രാവിലെ 10.15ന് കോടതി ചേർന്ന് തുടർ നടപടി തീരുമാനിക്കും. പ്രോസിക്യൂഷന്‍റേത് കളളക്കേസെന്നായിരുന്നു വാദത്തിന്‍റെ തുടക്കം മുതൽ പ്രതിഭാഗം നിലപാട്. ദീലീപും കൂട്ടുപ്രതികളും നടത്തിയ പ്രസ്താവന എങ്ങനെ കൊലപാതക ഗൂഡാലോചനയാകുമെന്ന് കോടതി പലവട്ടം സർക്കാരിനോട് ചോദിച്ചു. അതിനുളള തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും തുറന്ന കോടതിയിൽ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. തുടർന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ സിംഗിൾ ബെഞ്ച്  ചേമ്പറിൽ വെച്ച് പരിശോധിച്ചു.  ക്രൈംബ്രാഞ്ചിന്‍റെ  പക്കലുളള ദിലീപിനെതിരായ തെളിവുകൾ ആശങ്കയുളവാക്കുന്നതും  ഗുരുതരവുമാണെന്ന് കോടതി നീരീക്ഷിച്ചു. തൊട്ടുപിന്നാലെയാണ് കോടതി നിർദേശിക്കുന്ന എന്ത് വ്യവസ്ഥകളോടെയും അന്വേഷണത്തോട് സഹകരിക്കാമെന്ന് ദിലീപും കൂട്ടുപ്രതികളും നിലപാടെടുത്തത്. 

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ അധിക സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാൻ ഹൈക്കോടതി  10 ദിവസം കൂടി സമയം അനുവദിച്ചു. പ്രോസിക്യൂഷൻ അപേക്ഷയിൽ ആണ് നടപടി. അതേസമയം തുടരന്വേഷണം പൂർത്തിയാകുംവരെ അധിക സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്ന സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.തുടർ അന്വേഷണം പൂർത്തിയാക്കും വരെ സാക്ഷി വിസ്തരം നീട്ടി വെക്കാൻ കഴിയില്ലെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കി.

അധിക സാക്ഷികളിൽ രണ്ടുപേരെ കൂടിയാണ് ഇനി വിസ്തരിക്കാൻ ഉള്ളത്. സാക്ഷികളിൽ ഒരാൾ സംസ്ഥാനത്തിനു പുറത്തും മറ്റൊരാൾ കോവിഡ് ബാധിച്ച ചികിത്സയിലും ആണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കോടതി സമയം നീട്ടി നൽകിയത്. അതേസമയം അധിക സാക്ഷികളുടെ വിസ്താരത്തിന് സമയം നീട്ടി നൽകുന്നതിനെ ദിലീപിന്റെ അഭിഭാഷകർ എതിർത്തു.ഇക്കാര്യം സുപ്രീം കോടതി തള്ളിയതാണെന്നും ദിലീപ് കോടതിയെ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ