CPM CPI Conflict : കൊടുമൺ അക്രമം; ഫാസിസ്റ് രീതിയെന്ന രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം, തള്ളിപ്പറഞ്ഞ് കോടിയേരി

By Web TeamFirst Published Jan 25, 2022, 8:08 PM IST
Highlights

സംഭവത്തെ അപലപിക്കാൻ തയ്യാറാകാത്ത സിപിഎം നിലപാടിനെ  മുഖപ്രസംഗം ചോദ്യം ചെയ്യുന്നു. പിന്നാലെ  അക്രമത്തെ  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തള്ളിപ്പറഞ്ഞു.


പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഐ (CPI)  പ്രവർത്തകരെ ഡിവൈഎഫ്ഐ (DYFI)  പ്രവർത്തകർ മർദ്ദിച്ച സംഭവം ഫാസിസ്റ് രീതിയെന്ന രൂക്ഷവിമർശനവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം (Janayugam). സംഭവത്തെ അപലപിക്കാൻ തയ്യാറാകാത്ത സിപിഎം (CPM) നിലപാടിനെ  മുഖപ്രസംഗം ചോദ്യം ചെയ്യുന്നു. പിന്നാലെ  അക്രമത്തെ  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) തള്ളിപ്പറഞ്ഞു.

കൊടുമൺ അങ്ങാടിക്കൽ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സിപിഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ തെരുവിൽ മർദ്ദിച്ചത്.  ഞായറാഴ്ച നടന്ന ഈ സംഭവത്തെ, ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ് എന്നാരോപിച്ചാണ് സിപിഐ മുഖപത്രം രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

 കൊടുമണ്ണിൽ കണ്ടെത് ഫാസിസ്റ്റ് രീതിയാണ്.  രാഷ്ട്രീയപ്രവർത്തനം ക്രിമിനൽ ഗുണ്ടാപ്രവർത്തനമായി തരം താഴുന്നത് അസ്വസ്ഥമാക്കുന്നതാണെന്ന് മുഖപ്രസംഗം ആക്ഷേപിക്കുന്നു. അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രദ‌ർശിപ്പിക്കുന്ന പുതിയ ഗുണ്ടാസംസ്ക്കാരങ്ങളെ പോലെയാണ് പത്തനംതിട്ടയിലും നടന്നത്. ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ്. ജനാധിപത്യവിരദ്ധപ്രവർത്തനം തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും ജനയുഗം മുന്നറിയിപ്പ് നൽകുന്നു. സംഭവത്തെ അപലപിക്കാത്തിടത്തോളം ഗുണ്ടകൾക്ക് അവർ താവളമൊരുക്കുന്നുവേണം മനസിലാക്കാനെന്നും സിപിഎമ്മിനെതിരെ സിപിഐ ഒളിയമ്പറിഞ്ഞു. 

ഇതിന് പിന്നാലെയാണ് സംഭവത്തെ തള്ളി സിപിഎം സംസ്ഥാനസെക്രട്ടറി  രംഗത്തെത്തിയത്. സിപിഐയുടെ പ്രവർത്തകരെ സിപിഎമ്മുകാരോ സിപിഎം പ്രവർത്തകരെ സിപിഐക്കാരോ അക്രമിക്കാൻ പാടില്ലാത്തതാണ്. അവിടെ എന്താണ് നടന്നതെന്നുള്ളത് പാർട്ടി പ്രത്യേകം പരിശോധിക്കാം. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

click me!