കോടിയേരിക്കും മകനും പണം നല്‍കിയിട്ടില്ല; താന്‍ പണം നല്‍കിയത് മാണി സി കാപ്പനെന്നും മുംബൈ വ്യവസായി

By Web TeamFirst Published Oct 3, 2019, 3:14 PM IST
Highlights

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മീറ്റിങ്ങിന് വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ കണ്ടിട്ടുണ്ട്. അല്ലാതെ അദ്ദേഹവുമായി മറ്റൊരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല. 

തിരുവനന്തപുരം: കിയാല്‍ ഓഹരിയുമായി ബന്ധപ്പെട്ട് കൊടിയേരി ബാലകൃഷ്ണനും മകനും പണം നല്‍കിയിട്ടില്ലെന്ന് മുംബൈ വ്യവസായി ദിനേശ് മേനോന്‍ പ്രതികരിച്ചു. താന്‍ പണം നല്‍കിയത് മാണി സി കാപ്പനാണെന്നും ദിനേശ് മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി കണ്ടിട്ടുണ്ട്. അല്ലാതെ അദ്ദേഹവുമായി മറ്റൊരു ചര്‍ച്ചകളും ഉണ്ടായിട്ടില്ലെന്നും ദിനേശ് മേനോന്‍ പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ  മാണി സി കാപ്പന്‍ വാങ്ങിയിരുന്നു. അതില്‍ 25 ലക്ഷം രൂപ തിരിച്ചുതന്നു. ബാക്കി ചെക്ക് തന്നെങ്കിലും അത് ബൗണ്‍സായി. അതിന്‍റെ പേരില്‍ നാല് കേസും കൂടാതെ മറ്റൊരു വഞ്ചനാ കേസും മാണി സി കാപ്പനെതിരെ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ദിനേശ് മേനോന്‍ പറഞ്ഞു.

ഷിബു പുറത്തുവിട്ട രേഖകൾ സിബിഐയിൽ നിന്ന് താൻ നേടിയിരുന്നു. അത് മാധ്യമങ്ങളിലൂടെ താന്‍ പുറത്തുവിടുകയും ചെയ്തിരുന്നു. അതുതന്നെയാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. സിബിഐയിൽ തിരക്കിയാല്‍ കൂടുതല്‍ കാര്യങ്ങളറിയാമെന്നും ദിനേശ് മേനോൻ പറ‌ഞ്ഞു.

കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടിരുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷിബു ബേബിജോണ്‍, പാലായില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി ജയിച്ച മാണി സി കാപ്പന്‍ കോടിയേരിക്കും മകനുമെതിരെ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത് വിട്ടത്.

Read Also: കോടിയേരിക്കും മകനുമെതിരെ മാണി സി കാപ്പന്‍റെ മൊഴി; സിബിഐ രേഖകള്‍ പുറത്തുവിട്ട് ഷിബു ബേബിജോണ്‍


 

click me!