ലോക്ക് ഡൗണില്‍ വരുമാനമില്ല; കൊപ്രാ കളത്തില്‍ ജോലിയെടുത്ത് സംവിധായകന്‍

By Web TeamFirst Published May 25, 2020, 7:17 PM IST
Highlights

2012 ല്‍ രണ്ട് ഡോക്യുമെന്‍ററിക്ക് ദേവദാസ് കല്ലുരുട്ടി സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകന്‍ ലോക്ക് ഡൗണ്‍ കാലത്ത് ഉപജീവനത്തിനായി കണ്ടെത്തിയത് കൊപ്രാ കളത്തിലെ തൊഴില്‍. രണ്ട് ഡോക്യുമെന്‍ററിക്ക് സംസ്ഥാന പുരസ്‍കാരവും മൗനാക്ഷരങ്ങള്‍ എന്ന സിനിമയുടെ സംവിധായകനുമായ ദേവദാസ് കല്ലുരുട്ടിയാണ് ലോക്ക് ഡൗണില്‍ തന്‍റെ പഴയ തൊഴിലിലേക്ക് വീണ്ടും ഇറങ്ങിയത്. 

2012 ല്‍ രണ്ട് ഡോക്യുമെന്‍ററിക്ക് ദേവദാസ് കല്ലുരുട്ടി സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. ബധിരരും മൂകരുമായ ഇരുന്നൂറോളം പേരെ കഥാപാത്രങ്ങളാക്കിയുള്ള നവ പരീക്ഷണമായ മൗനാക്ഷരങ്ങള്‍ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകനാണ് ദേവദാസ്. ഇത്തവണത്തെ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്ന സിനിമയാണ് മൗനാക്ഷരങ്ങള്‍. ഈ സിനിമ തിരുവന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ഈ വിശേഷണങ്ങളൊക്കെ അഴിച്ചുവെച്ചാണ് നാളികേരം വെട്ടിയും, കൊപ്ര ഉണക്കിയും അന്യന്‍റെ തൊഴിലിടത്തില്‍ നിത്യവൃത്തിക്ക് ദേവദാസ് വിയര്‍പ്പൊഴുക്കുന്നത്. എഴുനൂറ് രൂപ ദിവസക്കൂലിക്കാണ് ദേവദാസ് ജോലിചെയ്യുന്നത്. ചെലവിനൊപ്പം വരുമാനം ഒത്തുപോകുന്നില്ലെങ്കിലും ലോക്ക് ഡൗണ്‍ കാലത്ത് ചെറിയ ആശ്വാസം തന്നെയാണിത്. നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് നീങ്ങാനാണ് തീരുമാനം. നിരവധി സീരിയലുകളിലും ഹ്രസ്വ ചിത്രങ്ങിലും ദേവദാസ് കല്ലുരുട്ടിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ലോക്ക് ഡൗണ്‍ തീരുന്നതു വരെ ഈ തൊഴിലിടത്ത് സിനിമ സ്വപ്നങ്ങളുമായി ദേവാസ് കല്ലുരുട്ടി ഉണ്ടാവും.
 

click me!