Dileep : നടിയെ ആക്രമിച്ച കേസ്, സംവിധായകൻ റാഫി ക്രൈംബ്രാഞ്ച് ഓഫീസിൽ, വിളിച്ചുവരുത്തിയത് ശബ്ദരേഖ തിരിച്ചറിയാൻ

By Web TeamFirst Published Jan 24, 2022, 3:29 PM IST
Highlights

ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏൽപ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു.

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫി (Director rafi ) ക്രൈംബ്രാഞ്ച് ഓഫീസിൽ. സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്ന് എസ്പി അറിയിച്ചു. ദിലീപിനെതിരെ (Dileep) നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏൽപ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്. 

ദിലീപിനെ നായകനാക്കി നേരത്തെ ബാലചന്ദ്രകുമാർ സിനിമ ചെയ്യാൻ ശ്രമിച്ചിരുന്നു. ഈ സിനിമയുടെ തിരക്കഥയിലെ തിരുത്തലിനായി അന്തരിച്ച സംവിധായകൻ സച്ചിയെ ആയിരുന്നു ഏൽപ്പിച്ചത്. മറ്റ് രണ്ട് സിനിമകൾ ചെയ്യുന്നതിനാൽ അദ്ദേഹം അത് മറ്റ് രണ്ട് പേരെ ഏൽപ്പിച്ചുവെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതിൽ താൽപ്പര്യമില്ലാതിരുന്നതോടെ താൻ ഇക്കാര്യം ദിലീപിനെ അറിയിച്ചു. ഇതോടെ ദിലീപ് ഇടപെട്ട് തിരക്കഥ റാഫിക്ക് നൽകിയെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. പക്ഷേ പിന്നീട് നടിയെ ആക്രമിച്ച കേസിൽ ദിലിപിന് പങ്കുണ്ടെന്ന് തനിക്ക് മനസിലായെന്നും ഇതോടെ സിനിമ സംവിധാനം ചെയ്യുന്നതിൽ നിന്നും താൻ പിൻമാറിയെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്.  

എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ മറ്റൊരു ആരോപണമാണ് ദിലീപ് ഉയർത്തുന്നത്. സിനിമയിൽ നിന്നും പിൻമാറിയത് താനാണെന്നും അതിന് ശേഷം ബാലചന്ദ്രകുമാർ തന്നെ ബ്ലാക്മെയിൽ ചെയ്യുകയായിരുന്നുവെന്ന ആരോപണമാണ് ദിലീപ് ഉയർത്തുന്നത്. മൂൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപിന്‍റെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. നടിയെ ആക്രമിച്ച കേസിൽ ജയിലിലായപ്പോൾ തന്നെ വന്ന് കണ്ടിട്ടുണ്ട്  കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടീപ്പിക്കാം എന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ സഹോദരനേയും ബന്ധുക്കളേയും സമീപിച്ചു. 

നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ ബാലചന്ദ്രകുമാർ തന്നെ വന്നു കണ്ടു. താൻ വഴി ബിഷപ്പ് ഇടപെട്ടതുകൊണ്ടാണ് ജാമ്യം കിട്ടിയതെന്ന് പറഞ്ഞു. ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലർക്കും പണം നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ദിലീപിന്റെ ആരോപണം. ഇത്തരം ഭീഷണികൾക്ക് താൻ വഴങ്ങാതെ വന്നതോടെയാണ് ബാലചന്ദ്രകുമാർ ശത്രുവായതെന്നും കള്ളത്തെളിവുകളുമായി എത്തിയതെന്നുമാണ് ദിലീപിന്‍റെ നിലപാട്. തന്‍റെ സിനിമയുമായി സഹകരിച്ചില്ലെങ്കിൽ എഡിജിപി സന്ധ്യയെ വിളിച്ചുപറഞ്ഞ് ജാമ്യം റദ്ദാക്കിക്കുമെന്നും ഭീഷണിപ്പെടുത്തി. പലപ്പോഴായി പത്തുലക്ഷം രൂപ വാങ്ങിയെടുത്തെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ ഇതെല്ലാം ബാലചന്ദ്രകുമാർ നിഷേധിച്ചിട്ടുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളാകും സംവിധായകൻ റാഫിയോട് ചോദിച്ചറിയുക. 

അതേ സമയം, അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ  നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലെ മാനേജറെ വിളിച്ച് വരുത്തി മൊഴിയെടുക്കും. ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിർമാണക്കമ്പനിയിൽ നടത്തിയ റെയ്ഡിൽ ചില തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. 

click me!