Dileep : 'ദിലീപ് നായകനായ സിനിമയിൽ നിന്ന് പിൻമാറിയെന്ന് അറിയിച്ചത് ബാലചന്ദ്രകുമാർ': സംവിധായകൻ റാഫി

Published : Jan 24, 2022, 04:48 PM ISTUpdated : Jan 24, 2022, 04:58 PM IST
Dileep : 'ദിലീപ് നായകനായ സിനിമയിൽ നിന്ന് പിൻമാറിയെന്ന് അറിയിച്ചത് ബാലചന്ദ്രകുമാർ': സംവിധായകൻ റാഫി

Synopsis

'എന്തു കൊണ്ടാണ് സിനിമയിൽ നിന്നും പിൻമാറിയതെന്നതിനെകുറിച്ച് അറിയില്ല'. പിൻമാറിയെന്ന് മാത്രമാണ് തന്നെ ബാലചന്ദ്രകുമാർ അറിയിച്ചതെന്ന് റാഫി

കൊച്ചി: ദിലീപിനെ (Dileep) നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ തന്നെയാണെന്ന് സംവിധായകൻ റാഫി. ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകിയതിന് ശേഷമാണ് റാഫിയുടെ പ്രതികരണം. ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ല. പക്ഷേ പിക് പോക്കറ്റ് സിനിമ നീണ്ട് പോകുന്നതിൽ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു.  എന്തു കൊണ്ടാണ് സിനിമയിൽ നിന്നും പിൻമാറിയതെന്നതിനെകുറിച്ച് അറിയില്ല. പിൻമാറിയെന്ന് മാത്രമാണ് തന്നെ വിളിച്ചറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ദിലീപിനെ നായകനാക്കി ചിത്രീകരിക്കാനുദ്ദേശിച്ചാണ് ബാലചന്ദ്രകുമാർ സിനിമക്ക് തിരക്കഥയെഴുതിയത്. പിക് പോക്കറ്റ് എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥ മിനുക്ക് പണിക്കായി 2018 ലാണ് തന്റെ കൈവശം ഏൽപ്പിക്കുന്നത്. ഇതേ സമയത്ത് പറക്കും പപ്പൻ എന്ന പേരിൽ ദിലീപിനെ വെച്ച് മറ്റൊരു സിനിമയ്ക്കും താൻ തിരക്കഥ തയ്യാറാക്കുന്നുണ്ടായിരുന്നു. ആനിമേഷൻ വർക്കുകൾ കൂടുതലുള്ള ചിത്രമായതിനാൽ പറക്കും പപ്പൻ എന്ന സിനിമ ആദ്യം തീർക്കാൻ ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്നും  പിക് പോക്കറ്റ് ഉപേക്ഷിച്ചിട്ടുണ്ടായിരുന്നില്ലെന്നും റാഫി പറഞ്ഞു. ബാലചന്ദ്രകുമാർ തന്നെ വിളിച്ച് സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞത് ഈയടുത്ത കാലത്താണെന്ന് വിശദീകരിച്ച റാഫി, അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ സാധിക്കില്ലെന്നും അറിയിച്ചു. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്നാണ് കേസ് അന്വേഷിക്കുന്ന എസ്പി അറിയിച്ചത്. അതേ സമയം തന്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതായി റാഫി വിശദീകരിച്ചു. 

ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏൽപ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്. ദിലീപിനെ നായകനാക്കി നേരത്തെ ബാലചന്ദ്രകുമാർ സിനിമ ചെയ്യാൻ ശ്രമിച്ചിരുന്നു. ഈ സിനിമയുടെ തിരക്കഥയിലെ തിരുത്തലിനായി അന്തരിച്ച സംവിധായകൻ സച്ചിയെ ആയിരുന്നു ഏൽപ്പിച്ചത്. മറ്റ് രണ്ട് സിനിമകൾ ചെയ്യുന്നതിനാൽ അദ്ദേഹം അത് മറ്റ് രണ്ട് പേരെ ഏൽപ്പിച്ചുവെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതിൽ താൽപ്പര്യമില്ലാതിരുന്നതോടെ താൻ ഇക്കാര്യം ദിലീപിനെ അറിയിച്ചു. ഇതോടെ ദിലീപ് ഇടപെട്ട് തിരക്കഥ റാഫിക്ക് നൽകിയെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. പക്ഷേ പിന്നീട് നടിയെ ആക്രമിച്ച കേസിൽ ദിലിപിന് പങ്കുണ്ടെന്ന് തനിക്ക് മനസിലായെന്നും ഇതോടെ സിനിമ സംവിധാനം ചെയ്യുന്നതിൽ നിന്നും താൻ പിൻമാറിയെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്.  

എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ മറ്റൊരു ആരോപണമാണ് ദിലീപ് ഉയർത്തുന്നത്. സിനിമയിൽ നിന്നും പിൻമാറിയത് താനാണെന്നും അതിന് ശേഷം ബാലചന്ദ്രകുമാർ തന്നെ ബ്ലാക്മെയിൽ ചെയ്യുകയായിരുന്നുവെന്ന ആരോപണമാണ് ദിലീപ് ഉയർത്തുന്നത്. മൂൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപിന്‍റെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. നടിയെ ആക്രമിച്ച കേസിൽ ജയിലിലായപ്പോൾ തന്നെ വന്ന് കണ്ടിട്ടുണ്ട്  കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടീപ്പിക്കാം എന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ സഹോദരനേയും ബന്ധുക്കളേയും സമീപിച്ചു. നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ ബാലചന്ദ്രകുമാർ തന്നെ വന്നു കണ്ടു. താൻ വഴി ബിഷപ്പ് ഇടപെട്ടതുകൊണ്ടാണ് ജാമ്യം കിട്ടിയതെന്ന് പറഞ്ഞു. ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലർക്കും പണം നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ദിലീപിന്റെ ആരോപണം. ഇത്തരം ഭീഷണികൾക്ക് താൻ വഴങ്ങാതെ വന്നതോടെയാണ് ബാലചന്ദ്രകുമാർ ശത്രുവായതെന്നും കള്ളത്തെളിവുകളുമായി എത്തിയതെന്നുമാണ് ദിലീപിന്‍റെ നിലപാട്. 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തിൽ മികച്ച പോളിംഗ്, വോട്ടെടുപ്പ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട ക്യൂ; രണ്ടാം ഘട്ട ജില്ലകളിൽ കലാശക്കൊട്ട്
നടിയെ ആക്രമിച്ച കേസ് വോട്ടെടുപ്പ് ദിനത്തിലും ചൂടേറിയ ചർച്ച; ആസിഫ് അലി മുതൽ മുഖ്യമന്ത്രി വരെ; പ്രസ്‌താവനകളും വിവാദങ്ങളും