ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവൻകുട്ടി, കേസെടുത്ത് സൈബര്‍ പൊലീസ്

By Web TeamFirst Published Jan 24, 2022, 4:47 PM IST
Highlights

സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം. നല്‍കി. സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാസര്‍കോട്: കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ (Online Class) നഗ്നതാ പ്രദര്‍ശനം. അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടയിലാണ് നഗ്നതാ പ്രദര്‍ശനമുണ്ടായത്. ഫായിസ് എന്ന ഐഡിയില്‍ നിന്നായിരുന്നു ഇത്. മുഖം മറച്ചാണ് നഗ്നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നഗ്നതാ പ്രദര്‍ശനം തുടങ്ങിയതോടെ അധ്യാപിക കുട്ടികളോട് ക്ലാസില്‍ നിന്ന് എക്സിറ്റ് ആകാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് സ്കൂളില്‍ അടിയന്തര പിടിഎ യോഗം ചേര്‍ന്നു. സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ ഇങ്ങനെയൊരു വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം. നല്‍കി. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!