
കൊച്ചി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയും കുടുംബവും ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. രാവിലെ യൂസഫലി അടക്കം 6 പേർ സഞ്ചരിച്ച ഹെലികോപ്ടർ സാങ്കേതിക തകരാറിനെതുടർന്ന് ചതുപ്പിൽ ഇടിച്ചിറക്കിയെങ്കിലും അപകടമൊഴിവാകുകയായിരുന്നു.
കടവന്ത്ര ചെലവന്നൂരിലെ വസതിയിൽ നിന്ന്, നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ പുറപ്പെട്ടതായിരുന്നു യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കമുള്ള ആറംഗ സംഘം. ആശുപത്രിക്ക് സമീപം പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു ഹെലികോപ്ടർ ഇറങ്ങാൻ നിശ്ചയിച്ചത്. എന്നാൽ ലാൻഡിംഗിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ഹെലികോപ്ടറിന് സാങ്കേതിക തകരാർ സംഭവിക്കുന്നത്. ഇതോടെ പനങ്ങാട് പൊലീസ് സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു. ഹെലികോപ്ടർ പതിക്കുമ്പോൾ ചാറ്റൽ മഴയുമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്ടറിൻ്റെ പ്രധാന ഭാഗം ചതുപ്പിൽ ആഴ്ന്ന് പോയി. യൂസഫലിയേയും ഭാര്യയേയും ഹെലികോപ്ടറിൻ്റെ വിൻഡോ ഗ്ലാസ് നീക്കി പൈലറ്റ് ആണ് പുറത്തിറക്കിയത്.
അപകടത്തിന് തൊട്ട് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ആണ് യൂസഫലിയടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. വീഴ്ചയുടെ ആഘാതത്തിൽ നേരിയ നടുവേദന അനുഭവപ്പെട്ട യൂസഫലിക്ക് അടിയന്തര സ്കാനിംഗ് നടത്തി. എന്നാൽ പരിക്കില്ലെന്ന് ബോധ്യമായതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഹെലികോപ്ടറിലെ വൈദ്യുതി തകരാർ ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്ടറിന് ഇന്ധന ചോർച്ചയില്ലെന്ന് ഫയർഫോഴ്സ് ഉറപ്പാക്കിയിട്ടുണ്ട്. പൈലറ്റുമാരിൽ നിന്ന് പൊലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)യുടേതടക്കമുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അപകടത്തിന്‍റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാകുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam