
തിരുവനന്തപുരം: കൊവിഡ് ചികിത്സയില്‍ മാറ്റം നിര്‍ദേശിച്ച് വിദഗ്‍ധ സമിതി. ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ക്ക് ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ വീണ്ടും പിസിആര്‍ പരിശോധന നടത്താതെ തന്നെ പത്താം ദിവസം ഡിസ്‍ചാര്‍ജ് ചെയ്യാൻ ശുപാര്‍ശ. രോഗികള്‍ നെഗറ്റീവ് ആണോ എന്ന് കണ്ടെത്താൻ നടത്തുന്ന പരിശോധന, സമൂഹത്തിലെ ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ടവര്‍ക്കായി മാറ്റണമെന്നും വിദഗ്‍ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 48 മണിക്കൂർ ഇടവിട്ടുള്ള തുടർച്ചയായ രണ്ട് ഫലങ്ങൾ നെഗറ്റീവ് ആയാൽ മാത്രമാണ് ഡിസ്ചാർജ് ചെയ്യുക. ഇതിന്‍റെ ആവശ്യമില്ലെന്ന് വിദഗ്ധ സമിതിയുടെ അറിയിപ്പ്. രോഗലക്ഷണങ്ങള്‍ മാറിയാൽ 10 ദിവസം കഴിഞ്ഞ് ഡിസ്‍ചാര്‍ജ് ചെയ്യാം. സമൂഹത്തിൽ കൂടുതല്‍ പേരില്‍ പരിശോധന നടത്താൻ ഈ കിറ്റുകൾ ഉപയോഗിക്കാം. ആരോഗ്യ വിദഗ്‍ധരും ഇതേ നിലപാടിലാണ്.
മരണ നിരക്ക് കുറയ്ക്കാൻ ആശുപത്രികളിലെ തീവ്രപരിചരണ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം. രോഗികള്‍ തയ്യാറാകുന്ന പക്ഷം സ്വകാര്യ മേഖലയില്‍ കൂടി ചികിത്സ ലഭ്യമാക്കണം. ഇതര സംസ്ഥാനത്തെത്തി അവിടെ പോസിറ്റീവായവരുടെ വിവരം അടിയന്തരമായി ലഭ്യമാക്കി അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തണം. സെന്റിയനല്‍ സര്‍വ്വേയില്‍ കണ്ടെത്തുന്ന രോഗികളുടെ വിവരം വിദഗ്ധ സമിതിക്കുപോലും സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ല. ഈ രീതി മാറ്റണം. കണക്കുകള്‍ ലഭ്യമാക്കി അതേക്കുറിച്ച് വിശദമായി പഠിക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam