കെഎസ്ഇബിയിലെ അച്ചടക്ക നടപടി; ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് കെ കൃഷ്ണന്‍കുട്ടി

By Web TeamFirst Published Apr 20, 2022, 2:35 PM IST
Highlights

ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കണം. കെഎസ്ഇബി തര്‍ക്കത്തില്‍ ചര്‍ച്ച ഫലപ്രദമെന്നും കെ കൃഷ്ണന്‍കുട്ടി പറ‍ഞ്ഞു.

തിരുവനന്തപുരം: കെഎസ്ഇബിയിലെ (KSEB) അച്ചടക്ക നടപടിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി (K. Krishnankutty). നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കും. നടപടിക്രമങ്ങളും കീഴ്വഴ്ക്കങ്ങളും അനുസരിച്ച് തീരുമാനമെടുക്കും. കെഎസ്ഇബി തീരുമാനമെടുത്ത് അറിയിക്കും. ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കണം. കെഎസ്ഇബി തര്‍ക്കത്തില്‍ ചര്‍ച്ച ഫലപ്രദമെന്നും കെ കൃഷ്ണന്‍കുട്ടി പറ‍ഞ്ഞു. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തിയത്. 

വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ഇന്നലെ അവസാനിപ്പിച്ചിരുന്നു. മെയ് 16 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചു. അതേസമയം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്‍റെ പേരിൽ അസോസിയേഷൻ പ്രസിഡണ്ട് എം ജി സുരേഷിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്മെന്‍റ്. ചെയർമാൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തിൽ ആവർത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സുരേഷ്കുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിച്ചിട്ടും ആരോപണം ആവർത്തിക്കുന്നതിനെ ഗൗരവമായി മാനേജ്മെന്‍റ് കാണുന്നു. 

click me!