തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ കുരുക്ക് മുറുകുന്നു, മൊഴിയെടുത്തു

Published : May 15, 2025, 03:12 PM ISTUpdated : May 15, 2025, 03:25 PM IST
തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ കുരുക്ക് മുറുകുന്നു, മൊഴിയെടുത്തു

Synopsis

അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ജി സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തത്.

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശത്തിന് പിന്നാലെ നിര്‍ണായക നീക്കവുമായി ഉദ്യോഗസ്ഥര്‍. അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ജി സുധാകരന്‍റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ടട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി.പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്‍റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

തപാൽ വോട്ട് തിരുത്തിയത് ഗുരുതര നിയമലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാനുള്ള  അടിയന്തര നടപടിയെടുക്കാൻ ആലപ്പുഴ കളക്ടര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയതിന് പിന്നാലെയാണ് മൊഴിയെടുപ്പ് നടന്നത്.  തപാൽ വോട്ട് തിരുത്തിയത് ഗുരുതര നിയമലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തൻ യു ഖേല്‍ക്കര്‍ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

ആലപ്പുഴയിൽ എൻജിഒ യൂണിയൻ സമ്മേളനത്തിൽ ജി സുധാകരൻ  വെളിപ്പെടുത്തിയ കാര്യം എഫ്ഐആറിട്ട് കേസെടുക്കേണ്ടതും വിശദമായ അന്വേഷണം നടത്തേണ്ടതുമായ ഗുരുതര നിയമലംഘനമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തൽ. അതിനാലാണ് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ്  ഓഫീസറായ കളക്ടറോട് അടിയന്തര നടപടിക്ക് സ്വീകരിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചത്. തപാല്‍വോട്ടിൽ കൃത്രിമം കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിച്ചത്.

ഇത് ജനപ്രാതിനിധ്യ നിയമത്തിലെ  136,128 വകുപ്പുകള്‍, തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍,  ഭാരതീയ ന്യായ സംഹിത അല്ലെങ്കിൽ ഐപിസി എന്നിവ അനുസരിച്ച് ഗുരുതര നിയമ ലംഘനമാണ്. തപാൽവോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ അത്യന്തം ഗൗരവമായി കമ്മീഷൻ കാണുന്നുവെന്ന് വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. നിയമവവശങ്ങള്‍ പരിശോധിച്ച് കമ്മീഷൻ നൽകിയ നിര്‍ദ്ദേശപ്രകാരം കേസെടുക്കാൻ കളക്ടര്‍ പൊലീസിനോട് ആവശ്യപ്പെടും.

കേസെടുത്താലും കുഴപ്പമില്ലെന്ന് പറഞ്ഞുകൊണ്ടാണ് 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം ജില്ലാ കമ്മിറ്റി ഒാഫീസിൽ വച്ച് താൻ ഉള്‍പ്പെടയുള്ളവര്‍  തപാൽ വോട്ടുകള്‍ തിരുത്തിയെന്ന് സുധാകരൻ വെളിപ്പെടുത്തിയത്.  സിപിഎം സര്‍വീസ് സംഘടനകളിൽ അംഗമായിരുന്നവരിൽ 15 ശതമാനത്തിന്‍റെ വോട്ട് ആലപ്പുഴയിൽ പാര്‍‍ട്ടി സ്ഥാനാര്‍ഥി കെവി ദേവദാസിന് ആയിരുന്നില്ലെന്നും സുധാകരൻ പറയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വക്കം പുരുഷോത്തമനാണ് വിജയിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു