പൗരത്വഭേദഗതി ബില്‍: സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മുസ്‍ലിം ലീഗ്; 'മതത്തിന്‍റെ പേരിലുള്ള വിഭജനം ആപത്തെന്ന് കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Dec 12, 2019, 11:03 AM IST
Highlights

'മതത്തിന്‍റെ പേരിലുള്ള ഈ വിഭജനം ഇന്ത്യയ്ക്ക് വലിയ ആപത്തുണ്ടാക്കും. നാളെ ഭാഷ, നിറം, പ്രാദേശികത്വം എന്നിവയുടെ പേരിലും വിവേചനമുണ്ടായേക്കാം'. 

ദില്ലി: പൗരത്വബില്‍ ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ലീഗ് എംപിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്. മുസ്‍ലിം ലീഗിന് വേണ്ടി കബില്‍ സിബല്‍ കോടതിയില്‍ ഹാജരാകും. രാജ്യം മുഴുവന്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതായും അതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി നല്‍കാന്‍ എംപിമാര്‍ നേരിട്ടെത്തിയതെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് വ്യക്തമാക്കി.

'ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരാണ് പൗരത്വഭേദഗതി ബില്‍. പൗരത്വത്തില്‍ നിന്ന് ഒരു വിഭാഗത്തെ  മാത്രം ഒഴിവാക്കി നിയമം കൊണ്ടു വന്നിരിക്കുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമാണിത്. സോണിയാഗാന്ധി പറഞ്ഞതുപോലെ തന്നെ ഇന്ത്യയുടെ കറുത്ത ദിനമായിരുന്നു ഇന്നലെ. മതത്തിന്‍റെ പേരിലുള്ള ഈ വിഭജനം ഇന്ത്യയ്ക്ക് വലിയ ആപത്തുണ്ടാക്കും.  നാളെ ഭാഷ, നിറം, പ്രാദേശികത്വം എന്നിവയുടെ പേരിലും വിവേചനമുണ്ടായേക്കാം'. 

'ഭരണഘടന അനുസരിച്ച് തുല്യതയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്'. അത് തടയും, ഹര്‍ജിയില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!